വളപട്ടണം പുഴയിൽ ജീവനൊടുക്കാൻ ചാടിയ യുവാവിനെ കാണാതായി; പെൺ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു

08:09 PM Jun 30, 2025 | AVANI MV

വളപട്ടണം: ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആൺ സുഹൃത്തിനായി പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച്ച രാവിലെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയിൽ വളപട്ടണം പാലത്തിനു മുകളിൽ നിന്നു താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി  കോടതിയിൽ ഹാജരാക്കി.