നഴ്സിങ് കോളേജിന് അനുവദിച്ച ബസ് ഫ്ളാഗ് ഓഫ് ചെയ്തു

10:00 AM Jul 01, 2025 | AVANI MV

തളിപ്പറമ്പ്: ലോകം മുഴുവൻ നഴ്‌സിങിന് സാധ്യതയുണ്ടെന്നും നഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ വിദേശ ജോലിസാധ്യത വർധിപ്പിക്കുന്നതിന്  വിദേശ ഭാഷാ പഠനത്തിനുള്ള സൗകര്യം തളിപ്പറമ്പിൽകൊണ്ടുവരുന്നത് ആലോചിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ  പറഞ്ഞു. 

ആതുര സേവനരംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്നവരാണ് മലയാളി നഴ്‌സുമാരെന്ന്പൊതുവേ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി മെറ്റ് നഴ്സിങ് കോളേജിന് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് ഗവ എൻജിനീയറിങ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. 

വിദ്യാഭ്യാസത്തിൽ കായികവും മാനസികവുമായ വളർച്ച പ്രധാനമാണ്. സന്തോഷാത്മകമായ ജീവിതമാണ് വേണ്ടത്. യോഗയായാലും സൂംബ നൃത്തമായാലും ശരിയായ രീതിയിൽ ജീവിതത്തിന്റെ ഭാഗമാക്കി ചിട്ടപ്പെടുത്തുമ്പോഴാണ് ഊർജ്വസ്വലത കൈവരിക്കാനാവുക. ഇവയിൽ ഏതു വേണമെന്ന് തീരുമാനിച്ച് ഓരോരുത്തരും അത്  ദിനചര്യയുടെ ഭാഗമാക്കണമെന്നും എംഎൽഎ പറഞ്ഞു. 

കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന അധ്യക്ഷയായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ വി എൻ ദീപ കുമാരി എന്നിവർ സംസാരിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് 28,60,000 രൂപ ചിലവിട്ടാണ് ബസ് വാങ്ങിച്ചത്.