എസ് എഫ് ഐ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി പ്രവർത്തകരും പൊലീസും ചേരിതിരിഞ്ഞ്ഏറ്റുമുട്ടി

07:10 PM Jul 08, 2025 | AVANI MV



കണ്ണൂർ :കേരളത്തിലെ  സർവകലാശാലകളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ് ഐ പ്രവർത്തകർ നടത്തിയ കണ്ണൂർ സർവ്വകലാശാല  മാർച്ച് പൊലിസ് തടഞ്ഞതോടെ വ്യാപക സംഘർഷമുണ്ടായി. സർവ്വകലാശാലയ്ക്കു മുൻപിൽ പൊലിസ് ഉയർത്തിയ ഉപരോധം ഭേദിച്ച് സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് തകർത്തു എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അകത്ത് കടന്നു. ഇതിനിടെയുണ്ടായ ഉന്തുംതള്ളലിലും സംഘർഷത്തിലും എസ്.എഫ്.ഐപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പ്രകോപിതരായ എസ്.എഫ്. ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തെ ജനൽ ചില്ലുകൾ തകർത്തു. 

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്പന്ത്രണ്ട് മണിയോടെയാണ് താവക്കരയിലുള്ള കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ എസ്.എഫ്. ഐ പ്രവർത്തകരെ സർവകലാശാലക്ക് പുറത്ത് പൊലിസ്ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞത്. ഇതു മറികടക്കാനും ബാരിക്കേഡ് തകർത്ത് അകത്തു കയറാനും ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ബാരിക്കേഡ് മറികടന്നാണ് പ്രവർത്തകർ അകത്ത് കയറിയത്. തുടർന്ന് ഗേറ്റ് തകർത്ത് അകത്ത് കയറിയ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. പ്രവർത്തകരെ കയറ്റി പോവുകയായിരുന്ന വാഹനവും വിദ്യാർത്ഥികൾ തടഞ്ഞു. ഇതിനിടെയിൽ സർവ്വകലാശാല ആസ്ഥാനത്തുള്ള കെട്ടിടത്തിൻ്റെ ചില്ലുകളും തകർത്തു. സംഘർഷം അവസാനിച്ചതിനു ശേഷം പ്രതിഷേധ സമരം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഞ്ജലി സന്തോഷ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഖില ടി പി സ്വാഗതം പറഞ്ഞു. ശരത് രവീന്ദ്രൻ , നിവേദ് കെ , ഋഷിത സി പവിത്രൻ , പ്രണവ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനിടെ പൊലിസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചു കെ എസ്. യു ജില്ലാ നേതൃത്വം രംഗത്തുവന്നു.

പൊലീസും സർവ്വകലാശാല അധികൃതരും എസ് എഫ് ഐ ക്ക്‌ വേണ്ടി ദാസ്യ വേല ചെയ്യുകയാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽആരോപിച്ചു.യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ ഗേറ്റ് തുറന്ന് കൊടുത്ത നടപടിയിലൂടെ ഇതൊരു അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് വ്യക്തമാണെന്നും ചില്ലുകൾ അടക്കം അടിച്ചു പൊട്ടിച്ച് പി ഡി പി പി അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്തിട്ടും അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാവത്ത പോലീസ് നടപടി അടിമപ്പണി എടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതി ഉറപ്പ് വരുത്താൻ വേണ്ടി നിയോഗിക്കപ്പെട്ടവർ തന്നെ നിയമം കാറ്റിൽ പറത്താൻ നേതൃത്വം കൊടുക്കുന്ന ഏറ്റവും തരം താണ നിലപാടാണ്കണ്ണൂരിലെ പൊലീസ് സ്വീകരിക്കുന്നതെന്ന് കെ എസ് യു നേതാവ് ആരോപിച്ചു.