+

മുങ്ങിയത് നിക്ഷേപകരുടെ നാല് കോടി :കോൺഗ്രസിനെ വെട്ടിലാക്കി ചക്കരക്കൽ ബിൽഡിങ് സൊസൈറ്റി ,തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവും

ചക്കരക്കല്ലിലെ കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു.

ചക്കരക്കൽ :ചക്കരക്കല്ലിലെ കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു. പണം നഷ്ടമായ നിക്ഷേപകരിൽ ഭൂരിഭാഗവും പാർട്ടി പ്രവർത്തകരും അനുഭാവികളും കുടുംബാംഗങ്ങളുമാണ്. ഇവരൊക്കെ ഇപ്പോൾ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സൊസൈറ്റി ഭാരവാഹിയായ കെ.സി മുഹമ്മദ് ഫൈസൽ ഡി.സി.സി ഭാരവാഹി കൂടിയാണ്. ആരോപണം ഉയർന്നതു മുതൽ ഫൈസൽപാർട്ടി പരിപാടികളിൽ സജീവമല്ല.

നാലു കോടിയോളം രൂപയുടെ തിരിമറിയാണ് ജില്ലാ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ പ്രതിസന്ധിയിലാണ് സ്ഥാപനം. 
നിരവധി പേരാണ് ദിവസവും സഹകരണ സംഘത്തിലെത്തുന്നത്. നിക്ഷേപിച്ച പണം ചോദിക്കുമ്പോൾ ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണുള്ളത്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ജില്ലാ ബിൽഡിംങ് മെറ്റീരിയൽസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പിൻ്റെ സ്പെഷ്യൽ ഓഡിറ്റിംങിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.

 ഇടപാടുകളുടെ കണക്ക് വിവരങ്ങൾ ഇതുവരെ കംപ്യൂട്ടർവത്കരണം നടത്തിയിട്ടില്ല.അധികൃതരുടെ ഭാഗത്ത് നിന്ന് പണം എപ്പോൾ തിരിച്ചു കിട്ടുമെന്ന കൃത്യമായ മറുപടി കിട്ടാത്തതോടെ പ്രതിഷേധം ഉണ്ടായി. ബാധ്യതകളിലേറെയും 2018 ന് മുൻപുള്ളതാണ്. വായ്പ, ചിട്ടി അടവുകൾ മുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് ഉടൻ തുക തിരിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസൽ നൽകുന്ന വിശദീകരണം. എന്നാൽ ഇതുവരെ നടപ്പായിട്ടില്ല. സംഭവത്തെ കുറിച്ചു അന്വേഷിക്കാൻ ഡി.സി.സി മൂന്നംഗ സമിതിയെ ചന്ദ്രൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നിയോഗിച്ചുവെങ്കിലും റിപ്പോർട്ടിൽ ഇതുവരെ പാർട്ടി ജില്ലാ നേതൃത്വം നടപടിയെടുത്തിട്ടില്ല.

facebook twitter