കൊട്ടിയൂരിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

08:16 PM Jul 29, 2025 |


കണ്ണൂർ :  കൊട്ടിയൂർ ഉത്സവത്തിന് വരുന്നവർക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനായി പ്രൊപ്പോസൽ സമർപ്പിക്കാൻ സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയിൽ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി തീർഥാടകർ കൊട്ടിയൂരിലെത്തി. അതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ വേണം. പ്രദേശത്തിന്റെ പശ്ചാത്തലവികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിക്കും.
കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായ തീർഥാടന ടൂറിസത്തിനുള്ള പ്രൊപോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. തീർഥാടകർ ഒരു ആരാധനാലയലേക്ക് വരുമ്പോൾ അതോടൊപ്പം സമീപപ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും കാണുന്നു. ഇതിലൂടെ ആ പ്രദേശത്തിനും ജില്ലക്കും അതുവഴി സംസ്ഥാനത്തിനും സാമൂഹ്യ-സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും. നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ പൈതൃകം സംരക്ഷിക്കുക, സൗകര്യങ്ങൾ ഒരുക്കുക എന്ന ഉത്തരവാദിത്വം കേരള ടൂറിസം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊട്ടിയൂർ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം. എൽ.എ അധ്യക്ഷത വഹിച്ചു.പത്ത് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ കൊട്ടിയൂർ ടെംപിൾ ടൂറിസം എക്‌സ്പീരിയൻസ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്‌കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്ന് ഘട്ട പദ്ധതിയാണ് പൂർത്തിയാക്കിയത്. ആദ്യഘട്ടമായ  ഗ്യാലറി, ട്രെയിനിങ് ആൻഡ് പെർഫോമൻസ് യാർഡ്, മാർക്കറ്റ് സ്‌പേസ്, കോഫി കിയോസ്‌ക്, കൗ ഷെഡ്, ഇലക്ട്രിക്കൽ വർക് എന്നിവയാണ് പൂർത്തിയായത്. 4,52,35,763 രൂപയാണ് ചെലവ്. കെൽ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല.

  കൊട്ടിയൂർ ശിവ ടെംപിൾ സ്ട്രീറ്റ് സ്‌കേപ്പ് എന്ന പദ്ധതിയിൽ ഉൾപ്പെട്ട ഊട്ടുപുര, ഓപ്പൺ സ്റ്റേജ്, കാർ പാർക്കിംഗ്, ലാൻഡ് സ്‌കേപ്പിംഗ്, ഇലക്ട്രിക്കൽ വർക്‌സ് എന്നിവയും ഇതോടൊപ്പം പൂർത്തിയാക്കി. 3,16,79,939 രൂപയാണ് ചെലവ്. കൊട്ടിയൂർ ശിവ ടെംപിൾ  ടൂറിസ്റ്റ് അമിനിറ്റീസ് എന്ന പദ്ധതിയിൽ  ഡോർമിറ്ററി, ക്ലോക് റൂം, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ ,ലാൻഡ്സ്‌കേപ്പിങ്, ഇലക്ട്രിക്കൽ വർക്‌സ് എന്നിവയുംപൂർത്തിയായി. 2,27,77,686 രൂപയാണ്  ഇതിനായി ചെലവഴിച്ചത്. കിഫ്ബി സാമ്പത്തിക സഹായത്തോടെ കെഐഐഡിയാണ് പദ്ധതി നടപ്പാക്കിയത്.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ സുനീന്ദ്രൻ, വാർഡ് മെമ്പർ ജോണി ആമക്കാട്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ, ടൂറിസം വകുപ്പ് ഡിഡി ടി. സി. മനോജ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി. സി. ബിജു, അസി. കമ്മീഷണർ എൻകെ ബൈജു, മലബാർ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് ഒ. കെ. വാസു, കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.