പതിനേഴുകാരി പ്രസവിച്ചു ;കുഞ്ഞിനെ രഹസ്യമായി അനാഥമന്ദിരത്തിലാക്കാന്‍ നീക്കത്തിനിടെ ബന്ധുവായ യുവാവ് അറസ്റ്റിൽ

09:25 AM Aug 06, 2025 | AVANI MV

 തലശേരി :പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ബന്ധുവായ 39 വയസുകാരനെ തലശേരി ടൗൺ പൊലിസ് അറസ്റ്റുചെയ്തു. രഹസ്യമായി കുഞ്ഞിനെ തലശേരി യുള്ള അഗതി മന്ദിരത്തില്‍ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞതും ബന്ധുവായ യുവാവ് അറസ്റ്റിലായതും. പ്ലസ് ടു കഴിഞ്ഞ ശേഷം വീട്ടില്‍ തന്നെയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് യുവാവില്‍നിന്നും ലൈംഗിക പീഡനം ഉണ്ടായത്.വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

 ജൂലൈയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് അറിയിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയില്ല. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ അനാഥ മന്ദിരത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുഞ്ഞുമായി തലശ്ശേരിയിലെ അനാഥമന്ദിരത്തിലെത്തി.സംഭവത്തില്‍ സംശയം തോന്നിയ അനാഥമന്ദിരം അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.പിന്നീട് പൊലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ തലശ്ശേരി പൊലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് യുവാവിനെ പോക്സോ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു.