+

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം; എസ്.എഫ്.ഐപ്രവർത്തകർക്കും പൊലീസിനും പരുക്കേറ്റു

കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് തമ്മിൽ സംഘർഷം. പല തവണ പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് തമ്മിൽ സംഘർഷം. പല തവണ പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു. സിവിൽ പോലീസ് ഓഫീസർ രജനി, രണ്ട് എസ് എഫ് ഐ നേതാക്കളായ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, എസ് എഫ് ഐ കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശൻ എന്നിവർക്കാണ് പരുക്കേറ്റത്. ടൗൺ എസ്ഐ വി വി ദീപ്തി  പ്രവർത്തകരെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു.

  ഇന്ന് രാവിലെ  10 ന് യൂണിയൻ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘർഷമുണ്ടായത്.കള്ളവോട്ട് ചെയ്യാൻ കെഎസ്‌‌യു എംഎസ്എഫ് പ്രവർത്തകർ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ഐഡൻറിറ്റികാർഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പോലീസിൻറെ വാക്ക് ധിക്കരിച്ച് കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ പറഞ്ഞു. അതേസമയം കാസർഗോഡ് എംഐസി ആർട്സ് ആൻറ് സയൻസ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ സഫ്‌വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി കെഎസ്‌‌യു എംഎസ്എഫ് ആരോപിച്ചു. 

ഇതെതുടർന്നുണ്ടായ വാക്ക് തർക്കമാണ്  തുടക്കത്തിൽ സംഘർഷത്തിനിടയാക്കിയത്.പതിനൊന്നരയോടെ എസ് എഫ് ഐ സ്ഥാനാർത്ഥിയായ വനിതാ പ്രവർത്തകയെ ബാലറ്റ് പേപ്പർ തട്ടി പറിച്ചതായ എം എസ് എഫ് പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് പോലീസ് പിടിച്ചു വെച്ചതും സംഘർഷത്തിന് കാരണമായി. പോലീസ് പിടിച്ചു വെച്ച് സ്ഥാനാർത്ഥിത്ഥികൂടിയായ പ്രവർത്തകയെ എസ് എഫ് ഐ പ്രവർത്തകർ ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രവർത്തകരെ ഏറെ പാടുപെട്ടാണ് പോലീസ് പിന്തിരിപ്പിച്ചത്.ലാത്തി വീശുകയായിരുന്നു. സംഘർഷ സാധ്യത നിലനില്ക്കുന്നതിനാൽ ഇരുവിഭാഗത്തേയും പോലീസ് േ പോളിംഗ് ബൂത്തിനടുത്തു നിന്ന് മാറ്റി.സിറ്റി എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് യൂണിവേഴ്സിറ്റി പരിസരത്ത് ക്യാമ്പ് ചെയ്തത്.

facebook twitter