+

അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് മന്ത്രി നിശ്ചയിച്ചത് ഏകപക്ഷീയമെന്ന് വിമർശനം; പ്രതിഷേധവുമായി നടത്തിപ്പുകാർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കുംഅക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപിച്ചത് ഏറെ വിവാദമാകുന്നു


കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കുംഅക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപിച്ചത് ഏറെ വിവാദമാകുന്നു. തങ്ങളോട് ആലോചിക്കാതെയാണ് മന്ത്രി പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചതെന്നാണ് അക്ഷയ ഉടമകളുടെ ആരോപണം. നിലവിലുള്ള തുക തീരെ അപര്യാപ്തമാണെന്നും അക്ഷയ്ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഇ-കേന്ദ്രങ്ങൾ തോന്നും പോലെയാണ് നിരക്ക് ഈടാക്കുന്നതെന്നും അക്ഷയ സെൻ്റർ ഉടമകൾ ആരോപിച്ചു.

അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക് ഈടാക്കുന്നതായിപരാതികൾ ഉയർന്നതോടെയാണ് നിരക്ക് പരസ്യപ്പെടുത്തുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 
1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കിൽ 100 രൂപ (ഏതാണോ കുറഞ്ഞത്). 

അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന നിരക്കുകൾ, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കെ സ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇൻഫർമേഷൻ കേരള മിഷനും കേരള സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സർക്കാരിനെതിരെ നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് സമരരംഗത്തേക്കിറങ്ങാനാണ് അക്ഷയ സെൻ്റർ നടത്തിപ്പുകാരുടെ തീരുമാനം.

facebook twitter