+

പേരാവൂരിലെ ഗതാഗത പരിഷ്ക്കരണം: പ്രഖ്യാപനം പാഴായി

പേരാവൂർടൗണിൽ ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം.



പേരാവൂർ : പേരാവൂർടൗണിൽ ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം. വിവിധവ്യാപാര സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം പഞ്ചായത്തുതല ട്രാഫിക്ക് അവലോകന സമിതി യോഗം ചേർന്നത്. വ്യാപാരികൾ,തൊഴിലാളി സംഘടനകൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ഉപസമിതിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

ഉപസമിതി അംഗങ്ങൾ സംയുക്തമായി ടൗണിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷമാണ് പുതിയ പരിഷ്‌കാരങ്ങൾ ആഗസ്ത് ഒന്ന് മുതൽ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് മാധ്യമങ്ങളെ അറിയിക്കുകയും വാർത്തയാവുകയും ചെയ്തിരുന്നു.

എന്നാൽ, ഒരാഴ്‌ചയായിട്ടും പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. ഒന്നാം തീയതിക്ക് ശേഷവും ടൗണിൽ അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾപാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. പഞ്ചായത്ത് ഇടപെട്ടാൽ സൗകര്യപ്രദമായ സ്ഥലത്ത് പേപാർക്കിംഗ് സൗകര്യം ഒരുക്കാൻ കഴിയുമെങ്കിലും ഇതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളിൽ ടൗണിലെത്തുന്നവർക്ക് കടകളിൽ നിന്നും സാധനം വാങ്ങുന്നതിന് കടകൾക്കു മുന്നിൽ പാർക്ക് ചെയ്യുന്നതിനായിപ്രത്യേകം മാർക്ക് ചെയ്ത് സ്ഥലം ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും ഇതും നടപ്പായിട്ടില്ല.

മാലൂർ റോഡിലും കൊട്ടിയൂർ റോഡിലും അനധികൃത പാർക്കിങ്ങ് കാരണം ദിവസവും വലിയ ഗതാഗതക്കുരുക്കാണുണ്ടാവുന്നത്. പഞ്ചായത്ത് ഓഫീസിൻ്റെ മൂക്കിനു താഴെയുള്ള ബസ് സ്റ്റാൻഡിൽ ബസ്സുകൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാതെയാണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നത്. ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറുന്ന റോഡിലും നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം നടന്നു പോകാൻ സമീപ പഞ്ചായത്തായ കോളയാട് ടൗണിൽ നടപ്പിലാക്കിയ മാതൃകയിൽ നടപ്പാത നിർമ്മിച്ച്കാൽനടയാത്ര സുഗമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസുകാരെയോ ഹോം ഗാർഡുകളെയോ നിയോഗിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.

facebook twitter