കണ്ണൂർ: ആർട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന ആനന്ദോത്സവം 2025-ന്റെ ഭാഗമായി, കണ്ണൂർ ജില്ലയിലെ 37 കേന്ദ്രങ്ങളിൽ ആഗസ്റ്റ് 12-17 വരെ ഹാപ്പിനസ് പ്രോഗ്രാം നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു.ആഗോള മാനുഷികനും ആത്മീയ നേതാവുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഓൺലൈൻ മുഖേന പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യും. സന്തോഷകരമായ ജീവിതത്തിനായുള്ള പരിശീലനവും അനുഭവവുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള 70-ത്തിലധികം ശാസ്ത്രീയ പഠനങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട സുദർശൻ ക്രിയ, പ്രാണായാമം, ധ്യാനം, ജീവിത വിജയത്തിനായുള്ള ജ്ഞാനശകലങ്ങൾ എന്നിവയാണ് പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങൾ. സമ്മർദ്ദം കുറയ്ക്കാനും ആത്മശാന്തി നേടാനും 40 വർഷങ്ങൾക്ക് മുമ്പ് ഗുരുദേവ് രൂപകൽപ്പന ചെയ്തതാണ് ഈ പരിപാടി.180 രാജ്യങ്ങളിൽ ആർട്ട് ഓഫ് ലിവിംഗ് പ്രോഗ്രാമുകൾ നടത്തപ്പെടുന്നു.
വാർത്താ സമ്മേളനത്തിൽ ജില്ല പ്രസിഡണ്ട് രാജേഷ് തെക്കൻ, ജില്ല സെക്രട്ടറി രാജേഷ് പി കെ, സീനിയർ ടീച്ചർവിനോദ് അരിയേരി, സഞ്ജു മോഹൻ (പ്രൊജക്റ്റ് ഭാരത് സംസ്ഥാന കോർഡിനേറ്റർ) അനിൽകുമാർ പങ്കെടുത്തു.