കുറ്റിക്കോൽ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ നിർദേശങ്ങൾ സമർപ്പിക്കണം; എംവി ഗോവിന്ദൻ

09:51 AM Aug 14, 2025 | AVANI MV

തളിപറമ്പ് : ദേശീയപാത കുറ്റിക്കോൽ അടിപ്പാതയിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഉൾപ്പടെയുള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിന്  ഒരാഴ്ചക്കകം നിർദേശം സമർപ്പിക്കാൻ എം വി ഗോവിന്ദൻ എം എൽ എ റവന്യൂ -ദേശീയപാതാ വിഭാഗത്തോട് ആവശ്യപ്പെട്ടു.  പുതിയ ദേശീയ പാതയിലൂടെ തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾക്ക് തടസങ്ങളില്ലാതെ നഗരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ ഗതാഗതം സജ്ജീകരിക്കണം. മഴക്കാലത്ത് അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാവണമെന്നും എം എൽ എ ആവശ്യപ്പെട്ടു  ബുധൻ പകൽ 12 ന് അദ്ദേഹം  സ്ഥലം സന്ദർശിച്ചിരുന്നു. 

നിലവിലെ അലൈൻമെൻ്റ് പ്രകാരം  സർവീസ് റോഡിലൂടെ  വരുന്ന  വാഹനങ്ങൾ അടിപ്പാത വഴിയും വലിയ വാഹനങ്ങൾ കുറ്റിക്കോൽ നിന്ന് ജങ്ഷനിൽസർക്കിൾ വഴി നേരിട്ടും പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കാനുമാണ് സൗകര്യമൊരുക്കുന്നതെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അടിപ്പാതയുടെ ഇരുവശത്തുകൂടെയും മഴവെള്ളമുൾപ്പടെ ഒഴുക്കി വിടാൻ ഡ്രൈനേജ് ഉണ്ടാകുമെന്നും അറിയിച്ചു. തളിപ്പറമ്പ് ആർ ഡി ഒ സി കെ ഷാജി, തഹസിൽദാർ കെ സജീവൻ,  ദേശീയപാത വിഭാഗം ഉദ്യോഗസ്ഥൻ മനോജ് കുമാർ, കരാർ കമ്പനി മേഘയുടെ സ്ട്രക്ചറൽ എൻജിനീയർ സൂരജ്, ലെയ്സൺ ഓഫീസർ ശശിധരൻ, മാനേജർ ശാസ്ത്രി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Trending :