പത്തുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം ; തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ

02:20 PM Aug 16, 2025 | Neha Nair

കണ്ണൂർ : പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ. തളിപ്പറമ്പ് മാർക്കറ്റിൽ തൈരും, സ്റ്റേഷനറി സാധനങ്ങളും വിൽപ്പന നടത്തുന്ന കെ.വി മധുസൂതനനെ(54)യാണ് ഇൻസ്പെക്ടർ പി. ബാബുമോൻ അറസ്റ്റ് ചെയ്‌തത്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ പത്തിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ മധുസൂദനൻ ചുംബിക്കുന്നതും മറ്റും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് ചൈൽ‌ഡ്ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 

ചൈൽഡ്‌ലൈൻ അധികൃതർ കൗൺസിലിംഗ് നടത്തി പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കുറ്റിയേരി വെള്ളാവ് സ്വദേശിയും കീഴാറ്റൂരിൽ താമസക്കാരനുമായ കെ.വി മധുസൂദനനെ തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോൻ അറസ്റ്റ് ചെയ്തത്.