+

നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഭാര്യയുടെ ഹരജി തള്ളണമെന്ന് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചു ; കേസ് 23 ലേക്ക് മാറ്റി

മുൻ കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ ദൂരഹ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലിസ് റിപ്പോർട്ട് നൽകി.

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ ദൂരഹ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലിസ് റിപ്പോർട്ട് നൽകി. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിന്റെ അന്വേഷണ പരിധിയിലെ മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തുകയും കേസിലെ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണ്. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടതുമാണ്. ഇതിനാൽ നിയമപരമായും വസ്തുതാപരമായും നിലനിൽക്കാത്ത ഹർജി തള്ളിക്കളയണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

തുടരന്വേഷണം വേണമെന്ന ആവശ്യത്തെ പ്രതിയും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വനും എതിർത്തു. എല്ലാ തെളിവുകളും പൊലിസ് ശേഖരിച്ചതാണെന്നും, തുടരന്വേഷണമെന്ന ആവശ്യത്തിനായി ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും. കേസ് നീട്ടി കൊണ്ടു പോകാൻ വേണ്ടി നൽകിയ ഹർജിയാണിതെന്നും വിശ്വൻ വാദിച്ചു. 2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തിൽ അവഹേളിച്ചതിൻ്റെ മനോവിഷമത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥൻ്റെ ജീവനൊടുക്കൽ' ഈ കേസിൽ പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റുചെയ്തു ജയിലിൽ അടച്ചിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഈ മാസം അഞ്ചിനാണ് കോടതിയിൽ ഹർജി നൽകിയത്. അന്വേഷണം ശരിയായ രീതിയിൽ നടത്തിയില്ലെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലുമാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീർത്തുവെന്നും ഹർജിയിൽ പറയുന്നു. ഈ കേസ് പരിഗണിക്കുന്നത് 23ലേക്കു മാറ്റിയിട്ടുണ്ട്.

facebook twitter