സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സംസ്ഥാന തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

02:12 PM Aug 27, 2025 | AVANI MV


കണ്ണൂർ : ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സംസ്ഥാന തല രൂപീകരണ കൺവെൻഷൻ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എച്ച്.എം. എസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും.

 കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൻ മുഖ്യാതിഥിയാകും. കെ.കെ.രമ മുഖ്യപ്രഭാഷണം നടത്തും.കെ.സി. ഉമേഷ് ബാബു, ടോമി മാത്യു, ഇ.എം. ഹമീദ്,തുടങ്ങിയവർ സംസാരിക്കും. അഡ്വ.കസ്തൂരി ദേവൻ നയ രേഖാപ്രഖ്യാപനം നടത്തും. സംസ്ഥാന തലസംഘടനാ രൂപീകരണത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിഞ്ഞ 23 വർഷമായി തൊഴിലാളികൾക്കിടെയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 1500 ലേറെ തൊഴിലാളികൾ അംഗമായിട്ടുണ്ട്. 

ഓട്ടോ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംഘടന സംസ്ഥാന തലത്തിൽ പ്രവർത്തനം തുടങ്ങിയാൽ ക്രിയാത്മകമായി ഇടപെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ.കസ്തൂരി ദേവൻ, എൻ. ലക്ഷ്മണൻ, മനോജ് സാരംഗ് , സി.കെ ജയരാജ്, കമറുദ്ദീൻ വാരം, എൻസീതാറാം എന്നിവർ പങ്കെടുത്തു.