കണ്ണൂർ:ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന ഇക്കോ പാർക്കാണ് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നിൽ സ്ഥിതി ചെയുന്ന ചെറുതാഴം മുളന്തുരുത്ത്.ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഹരിതകേരളമിഷൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ എന്നിവർ ചേർന്ന് രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ചെറുതാഴം മുളന്തുരുത്ത്. ചെറുതാഴം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കർ സ്ഥലത്താണ് ഈ പദ്ധതി ആരംഭിച്ചത്. അപൂർവ്വ ഇനം മുളകളും പക്ഷികളും സസ്യജന്തുജാലങ്ങളും കൊണ്ട് അവിസ്മരണീയമാക്കുന്ന കാഴ്ചയാണ് ഇവിടെ.
ബാംബൂസ പോളിമോർഫ, ബാംബുസ കച്ചറെൻസിസ്, ഒക്ലാണ്ട്രാ ട്രാവൻകോറിക്കാ, ഗ്വാഡുവ ആംഗുസ്റ്റിഫോളിയ തുടങ്ങിയ മുളയിനങ്ങൾ ആണ് ഇവിടെ കൂടുതൽ ആയി കാണാൻ സാധിക്കുന്നത്. ഇവയ്ക്ക് പുറമെ വിവിധ ഇനം കണ്ടൽ ചെടികളും കൊണ്ട് സമ്പുഷ്ടമാണ് ഇവിടം.മുളകൂട്ടങ്ങൾക്കടുത്ത് ഒ എൻ വി, ജി ദേവരാജൻ, ഇളയരാജ എന്നിവരുടെ ഗാനങ്ങളിലെ വരികൾ ആലേഖനം ചെയ്തിട്ടുണ്ട്. റീൽസിനായും സേവ് ദി ഡേറ്റ്നായും ഫോട്ടോഷൂട്ടിനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഉള്ള പദ്ധതികൾ ഇവിടെ നടപ്പാക്കുമെന്ന് ചെറുതാഴം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ വിപിൻ കെസി പറഞ്ഞു