തലശേരി : തലശേരിയിൽ നിന്നും പുറം കടലിൽ മത്സ്യ ബന്ധനത്തിനായി പോയ മത്സ്യ തൊഴിലാളികളുടെ മീൻവല ബോട്ടു കയറി നശിച്ചതായി പരാതി. കഴിഞ്ഞ ആറിന് രാവിലെ ഗോപാലപേട്ടഹാർബറിൽ നിന്നും പുറം കടലിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബർ തോണിക്കാരുടെ വലയാണ് പുറം കടലിൽ നഷ്ടപ്പെട്ടത്. പുളിക്കൂൽ നസീറിന്റെ ഉടമസ്ഥതയിലുള്ള സഫമാർവ്വ വള്ളത്തിൽ പുറപ്പെട്ടതായിരുന്നു അഞ്ചു തൊഴിലാളികൾ. 500 കിലോഗ്രാം വരുന്ന ഒഴുക്കുവലയാണ് നഷ്ടപ്പെട്ടത്.
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഫൈബർ തോണി ഉടമ നസീർ പറഞ്ഞു. എട്ടിന് രാത്രി 12 മണിയോടെ പുറം കടലിൽ വടക്കു ഭാഗത്തു നിന്നും തെക്ക് ഭാഗത്തേക്കു പോകുകയായിരുന്ന ഫിഷിംഗ് ബോട്ട് കയറിയാണ് വലമുറിഞ്ഞതെന്നും പറയുന്നുണ്ട്.
ഇതു സംബന്ധിച്ച് തലശ്ശേരി ഫിഷറീസ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. വല നഷ്ടപ്പെട്ട ഉടമയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും പുറം കടലിൽ ഇത്തരം സംഭവങ്ങൾ നിരവധിയായി നടന്നു വരുന്നുണ്ടെന്നും ഇത് ആവർത്തിക്കാതാരിക്കാൻ വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ(എസ്ടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ ആവശ്യപ്പെട്ടു.