കണ്ണൂരിലെ ഹൃദയഭൂമികൾ ഭരണ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കുന്നു : കെ.കെ. വിനോദ് കുമാർ

11:40 AM Sep 14, 2025 | Neha Nair

കണ്ണൂർ : കണ്ണൂരിലെ ഹൃദയഭൂമികൾ ഭരണ സ്വാധീനമുപയോഗിച്ച് വിവിധ സംഘടനകൾ സ്വകാര്യ ആവശ്യത്തിനായി തട്ടിയെടുക്കുന്നുവെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ആരോപിച്ചു. കണ്ണൂർ ഹെഡ്‌ പോസ്റ്റോഫീസിനും ബിഎസ്എൻഎൽ കെട്ടിടത്തിനുമിടയിലുള്ള ഫയർ ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ മൂന്ന് സെന്റ് ഭൂമി ഭരണ സ്വാധീനമുപയോഗിച്ച് സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ബീഡിത്തൊഴിലാളി യൂനിയന് നാമമാത്രമായ തുകയ്ക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു. പഴയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഈ ഭൂമിക്ക് സെന്റിന് 50 ലക്ഷത്തിന് മുകളിലാണ് വില. 

എന്നാൽ ഈ സ്ഥലം 10 വർഷത്തേക്ക് കൊടുത്തിരിക്കുന്നത് 1,53,331 രൂപയ്ക്കാണ്. അതിനടുത്ത സ്ഥലത്തിന്റെ ന്യായവിലയെന്ന് സർക്കാർതന്നെ  നിശ്ചയിച്ചിട്ടുള്ളത് 31,68000 രൂപയാണ്. സി. കണ്ണന്റെ സ്മരണാർത്ഥം പ്രതിമ നിർമ്മിക്കുന്നതിനാണ് ഭൂമി പാട്ടത്തിന് നൽകിയത്. ഇതു സംബന്ധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കലക്റ്റർക്ക് പരാതി നൽകിയിരുന്നു.

വികസനത്തിന് വീർപ്പുമുട്ടുന്ന കണ്ണൂർ നഗരത്തിൽ സർക്കാർ സ്ഥലം ഇത്തരത്തിൽ സ്വകാര്യ സംവിധാനങ്ങൾക്ക് വീതിച്ച് നൽകുകയാണ്. തൊട്ടടുത്തുള്ള സ്ഥലം എൻജിഒ യൂണിയന് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ വാടകയിനത്തിൽ ലഭിക്കുമ്പോഴും ഇതിൽ സർക്കാരിന് വരുമാനമൊന്നും ലഭിക്കുന്നില്ല. സിപഎമ്മിന് മാത്രമല്ല മുസ്ലീം ലീഗിനും കേരള കോൺഗ്രസ്സിനുമെല്ലാം ഇത്തരത്തിൽ ഭൂമി പതിച്ച് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ണൂർ നഗരത്തിലെ പ്രധാനപ്പെട്ട ഭൂമിയെല്ലാം പാട്ടത്തിനും പതിച്ചും നൽകിയിരിക്കുകയാണ്. 

കാൽടെക്‌സ് ജംഗ്ഷനിൽ പ്രധാന റോഡിനോട് ചേർന്ന് എകെജി പ്രതിമ സ്ഥപിച്ചതിനാൽ റോഡ് വികസനം സാധ്യമല്ല. റോഡ് വികസിപ്പിക്കാൻ സിപിഎമ്മിനോട് ചോദിക്കേണ്ട സാഹചര്യമാണ്. ഇത്തരത്തിൽ ഭൂമി കൈമാറുന്നത് വികസനം മുരടിപ്പിക്കാനാണ്. ഭരണ സ്വാധീനമുപയോഗിച്ച് ഇത്തരത്തിൽ നൽകിയ ഭൂമി തിരിച്ചു പിടിക്കണമെന്നും വികസനത്തിനായി ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തു വരുമെന്നും വിനോദ് കുമാർ പറഞ്ഞു.