തലശേരി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേർന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന ജില്ലയിലെ നാലാമത്തെ തൊഴിൽമേളയാണിത്. ഇവിടെ ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന പ്രത്യേക ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. അടുത്ത ഒരു വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്ക് സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്തി ലഭ്യമാക്കാനാണ് ഈ ജനകീയ ഇടപെടൽ.
പത്താം തരം മുതൽ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവർക്കും ഐടിഐ, പോളിടെക്‌നിക്, ബി.ടെക് യോഗ്യതയുള്ളവർക്കും അവസരങ്ങളുണ്ട്.
ഗ്രാഫിക് ഡിസൈനർ, വെബ് ഡെവലപ്പർ, ടെക്‌നിക്കൽ കോ ഓർഡിനേറ്റർ, ഓട്ടോമൊബെൽ ടെക്‌നീഷ്യൻ, എച്ച് ആർ എക്‌സിക്യൂട്ടീവ്, ഓപ്പറേഷൻ എക്‌സിക്യൂട്ടീവ്, മൊബൈൽ ടെക്‌നീഷ്യൻ, സർവീസ് എഞ്ചിനീയർ, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, ടെലികോളർ, ലാബ് ടെക്‌നീഷ്യൻ, ജനറൽ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയിൽസ് ഓഫീസർ തുടങ്ങിയ നിരവധി അവസരങ്ങൾ മേളയിലുണ്ട്. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെൽട്രോണും ജോബ് ഫെയറിൽ പങ്കെടുത്തു.
തലശ്ശേരി സെന്റ് ജോസ്ഫ് ഹയർസെക്കഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് തൊഴിൽമേള വിശദീകരണം നടത്തി. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, സെന്റ് ജോസഫ് എച്ച്. എസ്. എസ് മാനേജർ ബെന്നി മണപ്പാട്, പ്രിൻസിപ്പൽ ഷാജി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഡി പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.