ശ്രീകൃഷ്ണ ജീവിതത്തിന് കാലിക പ്രസക്തിയെന്ന് അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി

12:05 PM Sep 15, 2025 | AVANI MV

 കണ്ണൂര്‍: ഭഗവാന്‍ കൃഷ്ണന്റെ ജീവിതത്തിനും ദര്‍ശനങ്ങള്‍ക്കും കാലിക പ്രസക്തിയേറുകയാണെന്ന് കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി  സ്വാമി അമൃത കൃപാനന്ദപുരി പറഞ്ഞു.  ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്ന സന്ദേശം ഉണര്‍ത്തി ബാലഗോകുലം സംഘടിപ്പിച്ച കണ്ണൂര്‍ നഗരത്തിലെ മഹാ ശോഭയാത്രയുടെ ഉദ്ഘാടനം വിളക്കുംതറ മൈതാനിക്ക് സമീപം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി. ലോകത്താകമാനം നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മനുഷ്യന്റെ പ്രയാസങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കൃഷ്ണ ദര്‍ശനങ്ങള്‍ കൊണ്ട് സാധിക്കും. കൃഷ്ണ ദര്‍ശനങ്ങള്‍ ഉള്‍ചേര്‍ന്ന ഭഗവത്ഗീതയിലെ ഉപദേശ രൂപേണയുളള വരികള്‍ എല്ലാത്തിനും പരിഹാരം നിര്‍ദ്ദേശിക്കുന്നു. സനാതന ധര്‍മ്മ ശാസ്ത്രങ്ങളുടെ കാച്ചികുറുക്കിയ രൂപമാണ് ഭഗവത്ഗീത. 

സര്‍വ്വ ഉപനിഷത്തുകളുടേയും സാരാംശം കൃഷ്ണ വചനങ്ങളില്‍ ഉളളടങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ ശാന്തി ലഭിക്കാന്‍ ഭഗവദ് വചനങ്ങള്‍ സമൂഹം സ്വായത്തമാക്കണം. വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പോലും ഭഗവത്ഗീത പാഠ്യ വിഷയമാണെന്നത് ഗ്രന്ഥത്തിന്റെ ഭഗവാന്റെ മഹത്വം വ്യക്തമാക്കുന്നു. അഹിംസ സിദ്ധാന്തം പിന്തുടര്‍ന്ന മഹാത്മാക്കളെയെല്ലാം ഭഗവത് ഗീത വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. സനാതന തത്വങ്ങളുടെ സാരസംഗ്രഹമായ കൃഷ്ണ വചനങ്ങള്‍ പുരുഷാര്‍ത്ഥങ്ങള്‍ നേടാനുളള മാര്‍ഗ്ഗം കാട്ടിത്തരുന്നു. ധര്‍മ്മത്തിലൂടെ അര്‍ത്ഥം നേടി അതിനനുസൃതമായ ആഗ്രഹങ്ങള്‍ സഫലീകരിച്ച  ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിലേക്കുളള മാര്‍ഗ്ഗം ഭഗവാന്‍ കാട്ടിത്തരുന്നു. കൃഷ്ണ ദര്‍ശനങ്ങള്‍ സമഗ്രമായി പഠിച്ച് ഉള്‍ക്കൊണ്ടാല്‍ ജീവിതം വിജയം ഉറപ്പാണെന്നും പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കുമെന്നും സ്വാമിജി പറഞ്ഞു.

ചടങ്ങില്‍ സ്വാഗത സംഘം രക്ഷാധികാരി കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. തുളിച്ചേരി ശ്രീനാരായണ ബാലഗോകുലാംഗവും സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം കഥകളിയില്‍ എ ഗ്രേഡ് നേടുകയും ചെയ്ത മാളവിക പതാക കൈമാറി. ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി.വി. ഭാര്‍ഗ്ഗവന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ഉത്തരപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിജെപി  നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍, ഭാഗ്യശീലന്‍ ചാലാട്, ബാലന്‍മാസ്റ്റര്‍, റജില്‍ കാന്ത്, എ. ദാമോദരൻ എന്നിവര്‍ ശോഭായാത്രക്ക് നേതൃത്വം നല്‍കി.