സംസ്ഥാന സ്കൂൾ ഒളിംപ്ക്സ്; കളരിപ്പയറ്റിൽ കണ്ണൂരിൻ്റെ പ്രതീക്ഷയായി പഞ്ചമി പ്രകാശ്

11:32 AM Oct 20, 2025 | AVANI MV

ബക്കളം: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കളരിപ്പയറ്റ് അണ്ടർ 17 മത്സരത്തിൽ ഒന്നും സ്ഥാനം നേടി മൂത്തേടത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പഞ്ചമി പ്രകാശ് കേരള സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ പങ്കെടുക്കാൻ അർഹയായി. കളരിപ്പയറ്റിലെ ചുവടെന്ന മത്സരത്തിനാണ് പഞ്ചമിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഈ വർഷം മുതലാണ് കളരിപ്പയറ്റ് സ്കൂൾ കായിക മേളയിലെ മത്സര ഇനമായി ഇടം പിടിച്ചത്.

 കണ്ണൂർ റവന്യു ജില്ലയിലെ പ്രഥമ ജേതാവായി പഞ്ചമി മാറുകയായിരുന്നു. ബക്കളത്തെ നാരായണ കളരി അക്കാദമിയിൽ കഴിഞ്ഞ 10 വർഷമായി കളരി പഠിതാവാണ് പഞ്ചമി.നൂറോളം പേർ പങ്കെടുത്ത മത്സരത്തിലാണ് പഞ്ചമി മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം നേടിയത്. ബക്കളത്തെ ടി.വി പ്രകാശൻ - രജനി ദമ്പതികളുടെ മകളാണ് ഈ കായികതാരം. സഹോദരൻ: ടി.വി പാർത്ഥിവ്,നാരായണ കളരി അക്കാദമിയിലെ താരങ്ങളായ വിനായക്, സിദ്ധാർത്ഥ് എന്നിവർ കളരിയിലെ പ്രധാന ഇനങ്ങളിലൊന്നായ നെടുവടിപ്പയറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം പങ്കിട്ടു.