+

എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയിട്ടുണ്ട് ; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ആവർത്തിച്ച് ട്രംപ്

എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയിട്ടുണ്ട് ; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ചുദിവസത്തിനിടെ ഇത് മൂന്നാംതവണയാണ് ട്രംപ് ഇത്തരത്തിലുള്ള അവകാശവാദവുമായി രംഗത്തുവരുന്നത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ പുരോഗമിക്കവെയാണ് ട്രംപിന്റെ അവകാശവാദമെന്നതും ​ശ്രദ്ധേയമാണ്. എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ ഇനിയും വലിയ വില കൊടുക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ വർധിപ്പിച്ച തീരുവ ഇനിയും ഇരട്ടിയാക്കുമെന്നാണ് ഭീഷണി.

''ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. അദ്ദേഹം റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന് പറഞ്ഞു''-ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കു മേൽ സമ്മർദം ചെലുത്താനുള്ള ട്രംപിന്റെ തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. യുദ്ധസമയത്തും അതിനു ശേഷവും റഷ്യയുടെ എണ്ണ വിൽപ്പനയിലൂടെ ഇന്ത്യ വലിയ ലാഭം നേടിയെന്ന് ട്രംപ് സർക്കാറിലെ നിരവധി ഉദ്യോഗസ്ഥർ നേരത്തേ അവകാശപ്പെട്ടിരുന്നു.

എന്നാൽ ട്രംപും മോദിയും തമ്മിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണം നടന്നുവെന്ന വാർത്ത ഇന്ത്യ നിഷേധിച്ചിരുന്നു. ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ട്രംപ് മറുപടി നൽകി. 'അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ വൻതോതിൽ തീരുവ നൽകുന്നത് തുടരും. അതിന് അവർ ആഗ്രഹിക്കില്ല​'-എന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 'ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എനിക്കിഷ്ടമല്ല. അങ്ങ​നെ ചെയ്യില്ലെന്ന് മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവെപ്പാണ്'-എന്നാണ് നേരത്തേ ഇതുസംബന്ധിച്ച് ട്രംപ് അവകാശവാദം മുഴക്കിയത്. എന്നാൽ അങ്ങനെയൊരു വാഗ്ദാനം നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. 

facebook twitter