തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സംവരണവാർഡുകൾ നറുക്കെടുത്തു

07:09 PM Oct 21, 2025 | AVANI MV

കണ്ണൂർ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നേതൃത്വം നൽകി. 

ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ:

വനിത: ഒന്ന് കരിവെള്ളൂർ, രണ്ട് മാതമംഗലം, അഞ്ച് പടിയൂർ, ആറ് പേരാവൂർ, എട്ട് കോളയാട്, പത്ത് പാട്യം, 11 പന്ന്യന്നൂർ, 12 കതിരൂർ, 13 പിണറായി, 15 അഞ്ചരക്കണ്ടി, 16 കൂടാളി, 22 ചെറുകുന്ന്, 25 കുഞ്ഞിമംഗലം.
പട്ടികജാതി സംവരണം: 20 കല്ല്യാശ്ശേരി. പട്ടികവർഗ സംവരണം: 17 മയ്യിൽ.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.