ലീഗൽ സർവീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിക്കെതിരെ സോഷ്യൽ മീഡിയ വഴി ഭീഷണി: തളിപ്പറമ്പ് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

10:04 AM Oct 25, 2025 | AVANI MV

കണ്ണൂർ: ദുബൈയിലെ പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗൽ സർവീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിക്കെതിരെയും, യു.എ.ഇയിലും ഇന്ത്യ ഉൾപ്പെടെയുള്ള  രാജ്യങ്ങളിലുമുള്ള യാബ് ലീഗൽ സർവീസിനെതിരെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീർത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്തു ഭീഷണിപ്പെടുത്തിയ  കേസിൽ തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി ഫാത്തിമ മൻസിലിലെ  മുബഷിർ മുഹമ്മദ് കുഞ്ഞിയെ  കണ്ണൂർ ടൗൺ പോലീസ് സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തു. 

സലാം പാപ്പിനിശ്ശേരി നൽകിയ പരാതിമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ കണ്ണൂർ ടൗൺ പോലീസ് നിരന്തരം മുബഷിറിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ,  സഹകരിക്കാതിരിക്കുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ്. കണ്ണൂരിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ എറണാകുളത്ത് എത്തിയാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.പരാതിയിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച്, ഓഗസ്റ്റ് 31-ന് സലാം പാപ്പിനിശേരിയുടെ  പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങൾ അയച്ച ഇയാൾ, തൊട്ടടുത്ത ദിവസം  ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോക്ക് താഴെ സലാം പാപ്പിനിശ്ശേരിയെ അപകീർത്തിപ്പെടുത്തുന്ന കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കണ്ണൂർ ടൗൺ പോലീസാണ് സൈബർ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.