പരാതി നൽകാനെത്തിയ ഭിന്നശേഷിക്കാരനെ മണിക്കൂറുകൾ നിർത്തിച്ചു: ഒടുവിൽ കേസെടുക്കാതെ മടക്കി അയച്ചു; ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്ക് ദുരിതപർവ്വം

09:22 AM Nov 01, 2025 | AVANI MV


ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ ഭിന്നശേഷിക്കാരനെ മണിക്കൂറോളം കാത്തു നിർത്തിച്ചതായി പരാതി. മുൻ സർക്കാർ ജീവനക്കാരനായ മധ്യവയസ്ക്കനാണ് ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ നിന്നും ദുരനുഭവം നേരിട്ടത്. ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷിക്കാരൻ നിക്ഷേപ തുക ഉടമകളുടെ സ്ഥാവര ജംഗമ വസ്തുക്കൾ വിറ്റ് സർക്കാർ തിരിച്ചു കൊടുക്കുന്ന വാർത്തയറിഞ്ഞാണ് സഹായിയോടൊപ്പം രണ്ടാഴ്ച്ച മുൻപ് സ്റ്റേഷനിലെത്തിയത്. 

പരാതിയിൽ പൊലിസ് കേസെടുത്താൽ മാത്രമേ എഫ്.ഐ.ആർ സഹിതം തൃശൂർ കലക്ടറേറ്റിലെ സെക്ഷനിൽ അപേക്ഷിക്കാൻ കഴിയുകയുള്ളു. ലക്ഷങ്ങൾ നഷ്ടമായ പരാതിക്കാരന് ചെറിയൊരു സംഖ്യ തിരിച്ചു കിട്ടിയിരുന്നു. എന്നാൽ ഇതു ചൂണ്ടിക്കാട്ടി കേസെടുക്കാൻ കഴിയില്ലെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു. ഈക്കാര്യം അറിയിക്കുന്നതിന് രാവിലെ മുതൽ വൈകിട്ട് വരെ ജലപാനമില്ലാതെ ഭിന്നശേഷിക്കാരനും ശാരീരിക അവശതയുമുള്ളയാളെ അവിടെ കാത്തു നിർത്തുകയും ചെയ്തു. സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരോടും സ്ത്രീകൾ ഉൾപ്പെടെയുള്ള പരാതിക്കാരോടും ചക്കരക്കൽ സ്റ്റേഷനിൽ നിന്നും ഇതേ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്ന പരാതി വ്യാപകമാണ്. പൊതുജനങ്ങളുടെ ആവലാതികൾ പരിഹരിക്കാൻ ഫ്രണ്ട് ഡെസ്കുണ്ടെങ്കിലും ഇവിടെ പലപ്പോഴും ആളുണ്ടാവാറില്ല. തൻ്റെ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭിന്നശേഷിക്കാരൻ.