തളിപ്പറമ്പ് നഗരസൗന്ദര്യ വൽക്കരണം; കരാർ പുതുക്കി നൽകാൻ ധാരണ, തീരുമാനം പ്രതിപക്ഷത്തിൻ്റെ എതിർപ്പ് അവഗണിച്ച്

09:29 AM Nov 04, 2025 | AVANI MV

തളിപ്പറമ്പ്: നഗരത്തിൽ ദേശീയ പാതയിലെ ഡിവൈഡറിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനും തെരുവു വിളക്കുകൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള കരാർ പരസ്യ കമ്പനിക്ക് രണ്ടു വർഷത്തേക്ക് പുതുക്കി നൽകാനും 15/6/2023 മുതൽ കരാർ പുതുക്കാതെ പരസ്യം സ്ഥാപിച്ചതിന് പിഴയീടാക്കാനുമുള്ള തീരുമാനത്തിന് അംഗീകാരം.ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് അവഗണിച്ച് തീരുമാനം എടുത്തത്. ആഡ് സ്റ്റാർ എന്ന പരസ്യ കമ്പനിക്കാണ് കരാർ നൽകിയത്. 

2023 ജൂൺ 15ന് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല. അഞ്ച് വർഷത്തേക്ക് കരാർ പുതുക്കാനാണ് അപേക്ഷ നൽകിയത്. എന്നാൽ കരാർ പൂർണ്ണമായി റദ്ദ് ചെയ്ത് നഗരസഭ ഏറ്റെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പാടെ അവഗണിക്കാൻ സാധിക്കാതെ വന്നതോടെയാണ് രണ്ടു വർഷമാക്കി പരിമിതപ്പെടുത്തിയത്.

എന്നാൽ ദേശീയപാതയിലെ പ്രവർത്തിയുടെ അനുബന്ധമായി ചേർത്ത താലൂക്ക് ഓഫീസ് റോഡിലും മറ്റുമായി നടത്തുന്ന സൗന്ദര്യ വൽക്കരണ പ്രവൃത്തിയും ന്യൂസ് കോർണർ ജംങ്ഷനിൽ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ബങ്കുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തിയുടെ കരാർ റദ്ദ് ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം.

നിലവിൽ സൗന്ദര്യ വൽക്കരണ പ്രവൃത്തികൾ കരാർ പ്രകാരം 31/ 8/ 2025 പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ 25/10/2025 ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാത്തതിനാൽ പ്രവൃത്തി നിർത്തി വച്ച് ഉത്തരവിട്ടിരുന്നു.ന്യൂസ് കോർണർ ജംങ്ഷനിലെ ബങ്ക് നിർമ്മാണത്തെ കുറിച്ച് വലിയ ആരോപണങ്ങൾ ഉയരുന്നതിനോടോപ്പം ഓവുചാലിന് മുകളിൽ നടക്കുന്ന നിർമ്മാണത്തിലെ ആശാസ്ത്രീയതയും വളരെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനത്തിന് വലിയ രീതിയിൽ മറവ് സൃഷ്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.

ഇതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. കൗൺസിൽ തീരുമാന പ്രകാരം പ്രവൃത്തികൾ പുനരാരംഭിക്കുന്നതോടെ നഗരം പ്രതിഷേധ പരിപാടികൾക്ക് വേദിയാകും.നഗരഭരണത്തിൻ്റെ ഈ സീസൺ അവസാനിക്കുമ്പോൾ പുറത്തു വരുന്നത് വിചിത്രമായ കാര്യങ്ങൾ തന്നെയാണ്. മാലിന്യ നീക്കവും നഗര സൗന്ദര്യ വൽക്കരണവും ചെലവില്ലാതെ നടപ്പാക്കാൻ നഗരസഭ തയ്യാറാകുമ്പോൾ അവയെ ചെറിയ തുക മുടക്കി വലിയ ലാഭം കൊയ്യാനുള്ള മാർഗമാക്കി മാറ്റുകയാണ് കമ്പനികൾ.

ഇങ്ങനെയാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിലും കൗൺസിൽ തീരുമാനത്തിൻ്റെ സാങ്കേതികത വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സപ്ലിമെൻ്ററി അജണ്ടയിൽ ഇത്തരം പ്രധാന വിഷയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതോടെ നഗരസഭാ എൻജിനിയറിംങ് വിഭാഗം പ്രവൃത്തികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാണ് സാധ്യത. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുന്ന പുതിയ കൗൺസിലിൽ മാത്രമേ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു.സ്വകാര്യ കമ്പനികൾ ചെറിയ തുക മുടക്കി വലിയ ലാഭം ഉണ്ടാക്കുന്ന കാര്യങ്ങൾ നഗരസഭ നേരിട്ട് കൈകാര്യം ചെയ്യാൻ മടിക്കുന്നതെന്താണെന്ന ചോദ്യം അവശേഷിക്കുകയാണ്.