മദ്യപിച്ചെന്നു കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കി

11:27 PM Nov 05, 2025 | Desk Kerala

കണ്ണൂർ: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കി. മദ്യപിച്ചെന്നു കണ്ടെത്തിയാൽ യാത്ര അനുവദിക്കാതിരിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന പരിശോധന ക്യാംപെയ്ൻ ആരംഭിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനയും ബോധവൽക്കരണവും

മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ബ്രെത്ത് അനലൈസർ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും.

മദ്യപിച്ചു പ്ലാറ്റ്ഫോമുകളിൽ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. മദ്യപിച്ചു പ്ലാറ്റ്ഫോമിൽ കണ്ടെത്തിയ മൂന്നുപേരെ താക്കീത് ചെയ്തു വിട്ടയച്ചു. പരിശോധനയ്ക്കും ബോധവൽക്കരണത്തിനും സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ, ഡപ്യൂട്ടി കമേഴ്സ്യൽ മാനേജർ കോളിൻസ്, ആർപിഎഫ് ഇൻസ്പെക്ടർ വർഗീസ്, റെയിൽവേ പൊലീസ് എസ്ഐ സുനിൽ എന്നിവർ നേതൃത്വം നൽകി.