കണ്ണൂർ: തളാപ്പിൽ ആശുപത്രിയിലും വീടുകളിലും മോഷണം. ആശുപത്രിയിൽ വാതിൽ കുത്തി തുറന്ന് കൗണ്ടറിൽ സൂക്ഷിച്ച പണം കവർന്നു. കണ്ണൂർ തളാപ്പിലെ മാക്സ് ആശുപത്രിയിലെ ഞായറാഴ്ച്ച പുലർച്ചെ ഒന്നര മണിയോടെയാണ് മുഖം മറച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച അരലക്ഷം രൂപ കവർന്നത്. ആശുപത്രി അഡ്മിനിസ്ട്രേറ്റർ പി കെ പി ഷാജറിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച്ച പുലർച്ചെയാണ് ആശുപത്രിയുടെ പിറകുവശത്തെ ഒന്നാം നിലയിലെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് താഴെനിലയിലുളള കൗണ്ടറിൽ മേശവലിപ്പ് തകർത്ത് പണം കവർന്നത്. കൈയിൽ ആയുധവുമായി മുഖം പാതി മറച്ച നിലയിലെത്തി ഒന്നാം നിലയിൽ നിന്ന് ഇറങ്ങി വന്ന മോഷ്ടാവ് കൗണ്ടറിനകത്ത് പ്രവേശിച്ച് ടോർച്ചടിക്കുന്നതും മേശ കുത്തി തുറന്ന് പണം മോഷ്ടിച്ച് തിരിച്ചു പോവുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സുരക്ഷാ ജീവനക്കാരൻ അവധിയായതിനാൽ ആശുപത്രി ജീവനക്കാർ മുൻവശത്തെ ഗേറ്റ് അടച്ച് ഉറങ്ങാൻ കിടന്ന സമയത്തായിരുന്നു കവർച്ച. കാലത്ത് ആറു മണിയോടെയാണ് ജീവനക്കാർ മേശ കുത്തി തുറന്ന നിലയിൽ കണ്ടത്. ബാങ്കിൽ അയക്കാനായി വച്ച പണമാണ് നഷ്ടമായത്.
ആശുപത്രിക്കടുത്ത വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.കണ്ണൂർ ടൗൺ സി ഐബിനുമോഹൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.