സംസ്ഥാനതല ഖാദി പി.എം.ഇ.ജി.പി പ്രദർശന വിപണന മേളക്ക് നാളെ തുടക്കം

03:51 PM Dec 17, 2025 | AVANI MV

കണ്ണൂർ:ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഖാദി പി.എം.ഇ.ജി.പി പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് 18 മുതൽ ഡിസംബർ 31 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.14 ദിവസത്തെ മേളയിൽ ഒരു കോടി രൂപക്ക് മുകളിൽ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് അസി: ഡയരക്ടർ വി പി സുരേഷ് കുമാർ പറഞ്ഞു.കേരളത്തിനകത്തും പുറത്തുമുള്ള ഖാദി ഗ്രാമവ്യവസായ സ്ഥാപനങ്ങൾ, പി.എം.ഇ.ജി.പി ചെറുകിട വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും.  

കോട്ടൺ ഖാദി, മസ്ലിൻ ഖാദി, ഖാദി ചുരിദാറുകൾ, ഖാദി റെഡിമെയ്‌ഡ് ഷർട്ടുകൾ, ഖാദി പട്ടു സാരികൾ, കാന്താ സിൽക്ക്, ജംദാനി സിൽക്ക്, ബാഫ്റ്റ് സിൽക്ക്, എംബ്രോയ്‌ഡറി സിൽക്ക്, ജൂട്ട് സിൽക്ക്, കരകൗശല ഉൽപ്പന്നങ്ങൾ, കലർപ്പില്ലാത്ത തേൻ, എള്ളെണ്ണ, വിവിധയിനം ടോയ്‌ലറ്റ് സോപ്പുകൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഈ മേളയിലെ മുഖ്യ ഇനങ്ങളായിരിക്കും. കൂടാതെ പുതുതായി തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹി ക്കുന്ന യുവതീ യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൽ നൽകുന്ന ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ്റെ ഇൻഫർമേഷൻ സെൻ്ററുകൾ മേളയിൽ പ്രവർത്തിക്കും. 

പുതുതായി തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്നവർക്ക് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെ ഇൻഫർമേഷൻ സെന്ററിൽ വിവരങ്ങൾ ലഭിക്കും.ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ചെയർമാൻ  മനോജ്കുമാർ മേള ഉദ്ഘാടനം ചെയ്യും.. "ഗ്രാമോദ്യോഗ് വികാസ് യോജന"യുടെഗുണഭോക്താക്കൾക്ക് തൊഴിൽസംബന്ധമായ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ ചെയർമാൻ നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ  പി സഞ്ജീവ്, ഇ എ ബാലൻ, പി എസ് ഗണേഷൻ , വി പി ബിനുഎന്നിവരും പങ്കെടുത്തു.