പ്രണയം നിറച്ച് ‘കാന്ത’യിലെ പുതിയ ഗാനം

06:01 PM Oct 23, 2025 | Neha Nair

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യിലെ പുതിയ ഗാനം ആരാധകർ ഏറ്റെടുത്തു. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം, ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻ്റെയും നായിക ഭാഗ്യശ്രീ ബോർസെയുടെയും മനോഹരമായ പ്രണയ നിമിഷങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.

പ്രദീപ് കുമാർ ആലപിച്ച ഈ ഗാനത്തിന് ഝാനു ചന്റർ ആണ് ഈണം നൽകിയിരിക്കുന്നത്. ദീപിക കാർത്തിക്ക് കുമാർ, ശിവം, സെൽവമണി സെൽവരാജ് എന്നിവർ ചേർന്നാണ് ഗാനത്തിന് വരികളെഴുതിയത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ സെൽവമണി സെൽവരാജ് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന രണ്ട് വലിയ കലാകാരന്മാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിൻ്റെ കഥയാണ് ‘കാന്ത’ പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.