+

കർണാടക സർക്കാർ പ്രതിനിധി സംഘം നോർക്ക റൂട്ട്സ് സന്ദർശിച്ചു

നോർക്ക നടത്തുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി കർണാടക സർക്കാരിൻ്റെ സ്കിൽ ഡെവലപ്മെൻ്റ് അതോറിറ്റി ചെയർമാൻ ഡോ. ഇ.വി. രമണ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നോർക്ക റൂട്ട്സ് സന്ദർശിച്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി ചർച്ച നടത്തി.


നോർക്ക നടത്തുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി കർണാടക സർക്കാരിൻ്റെ സ്കിൽ ഡെവലപ്മെൻ്റ് അതോറിറ്റി ചെയർമാൻ ഡോ. ഇ.വി. രമണ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നോർക്ക റൂട്ട്സ് സന്ദർശിച്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി ചർച്ച നടത്തി. ലോക കേരള സഭയിലൂടെ പ്രവാസി കേരളീയരുമായി ദൃഢമായ ബന്ധമാണ് നോർക്ക വളർത്തിയെടുത്തിട്ടുള്ളതെന്ന് അജിത് കോളശേരി പറഞ്ഞു. കോവിഡ് മഹാമാരിയെയും 2018-19 കാലയളവിലെ പ്രളയ കെടുതികളെയും നേരിടുന്നതിന് പ്രവാസികളുടെ പിന്തുണ വളരെ സഹായകമായിരുന്നു. കോവിഡ് കാലത്ത് മരുന്നുകളും മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതിന് 27 രാജ്യങ്ങളിൽ പ്രവാസികളുമായി സഹകരിച്ച് നോർക്ക ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിച്ചിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. 


നോർക്ക ലഭ്യമാക്കുന്ന വിവിധ സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് പ്രോജക്ട്സ് മാനേജർ ഫിറോസ് ഷാ വിശദീകരിച്ചു. നോർക്ക നടത്തുന്ന പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ അനുയോജ്യമായവ നടപ്പാക്കുന്നതിനും സാധ്യമായ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുമുളള സാധ്യതകൾ ആരായുമെന്ന് ഡോ. ഇ.വി. രമണ റെഡ്ഡി പറഞ്ഞു. കർണാടക സ്കിൽ ഡെവലപ്മെൻ്റ് അതോറിറ്റിയെ പ്രതിനിധീകരിച്ച്  ടെക്നിക്കൽ അഡ്വൈസർമാരായ എൻ.എൻ. റാവു, വി.ഡി. നിശ്ചിത്,  റിസർച്ച് അസോസിയേറ്റ് റുബ്നവാസ്, കർണാടക  ഇൻ്റർനാഷണൽ മൈഗ്രേഷൻ സെൻ്റർ (ഓവർസീസ് റിക്രൂട്ട്മെൻ്റ്) ജനറൽ മാനേജർ കെ.എസ്. അവിനാശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

facebook twitter