ബെംഗളൂരു: ഇനി പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല കേസ് (എസ്ഐടി) അന്വേഷിക്കും. കേസന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ചതായി കർണാടക സർക്കാർ ഉത്തരവിറക്കി. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ.
1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ വന്നിട്ടും കർണാടക സർക്കാർ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ എസ്ഐടി രൂപീകരിച്ചത്.