കർണാടകയിലെ കൃഷിയിടത്തിൽ 20 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി

03:35 PM Aug 05, 2025 | Neha Nair

ബംഗളൂരു: കർണാടകയിലെ ഹനുമന്തപുരയിൽ 20 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ കൃഷിയിടങ്ങളിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. മൂന്ന് ആൺമയിലുകളും 17പെൺമയിലുകളുമാണ് ചത്തതെന്ന് കർഷകർ പറയുന്നു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മയിലുകളുടെ ജഡങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയച്ചു. ലാബ് ഫലങ്ങൾ വന്നാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

പക്ഷികളെ കൊല്ലാൻ മനഃപൂർവം കീടനാശിനി ഉപയോഗിച്ചതാണോ അതോ കാർഷിക ആവശ്യങ്ങൾക്കായി തളിച്ച കീടനാശിനി കലർന്ന വിളകൾ മയിലുകൾ കഴിച്ചതാണോ എന്ന് അന്വേഷിക്കാൻ വനം ഡെപ്യൂട്ടി കൺസർവേറ്ററുടെ (ഡി.സി.എഫ്) നേതൃത്വത്തിലുള്ള സംഘത്തോട് മന്ത്രി നിർദേശിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Trending :

കഴിഞ്ഞ രണ്ടു മാസങ്ങളായി കർണാടകയിലെ വിവിധ ഇടങ്ങളിൽ നിന്ന് വന്യ ജീവികൾ കൂട്ടത്തോടെ ചാകുന്നതായി റിപ്പോർട്ടുകളുണ്ട്. ജൂണിൽ വന്യജീവി സങ്കേതത്തിൽ ഒരു കടുവയും നാല് കുഞ്ഞുങ്ങളും വിഷബാധയേറ്റ് ചത്തിരുന്നു. പിന്നാലെ ജൂലൈ ആദ്യവാരം 20 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വിഷം കലർന്ന പശുവിൻറെ ജഡം ഭക്ഷിച്ചതിനെ തുടർന്നാണ് കടുവയും നാല് കുഞ്ഞുങ്ങളും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ക​ടു​വ​ക്ക് ഏ​ക​ദേ​ശം 10 വ​യ​സ്സും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം എ​ട്ട് മു​ത​ൽ 10 മാ​സം വ​രെ പ്രാ​യ​വു​മാ​യി​രു​ന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. ചിക്കമഗളൂരു കൊപ്പ നിവാസികളായ കൊണപ്പ, മാദരാജു, നാഗരാജ എന്നിവരാണ് അറസ്റ്റിലായത്. കുരുങ്ങുകളും വിഷബാധയേറ്റാണ് ചത്തതെന്നാണ് കരുതുന്നത്. ഈ കേസുകൾ ഇപ്പോഴും അധികൃതർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.