കാസർകോട് ജില്ലയില്‍ അരിവാള്‍ കോശ രോഗ നിര്‍ണയ പരിശോധന ആരംഭിച്ചു

08:03 PM Jul 08, 2025 | AVANI MV

കാസർകോട് : അരിവാള്‍ കോശ രോഗ പ്രതിരോധം, ബോധവല്‍ക്കരണം എന്നിവ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ''അറിയാം അകറ്റാം അരിവാള്‍ കോശരോഗം'' ക്യാമ്പയിന്റെ  ഭാഗമായുള്ള അരിവാള്‍ കോശ രോഗ നിര്‍ണയ പരിശോധന ആരംഭിച്ചു. കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തുന്നത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ പട്ടിക വര്‍ഗ ഉന്നതിയില്‍ നടന്ന പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന്‍  നിര്‍വഹിച്ചു. എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി കൃപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ജിഷ നന്ദിയും പറഞ്ഞു.

ജില്ലാ എം.സി.എച്ച് ഓഫീസര്‍ സൂസന്‍ ഫിലിപ്പ്, ഡി.പി.എച്ച്എന്‍ കെ.ശാന്ത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്നപരിശോധന ക്യാമ്പിന് എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം പി.എച്ച്.എന്‍ കെ ശ്രീജ, ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, എം.എല്‍.എസ്.പി ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എസ്.റ്റി പ്രൊമോട്ടര്‍ എന്നിവരും പരിപാടിയുടെ ഭാഗമായി.

അരിവാള്‍ കോശ രോഗം അഥവാ  സിക്കിള്‍ സെല്‍ ഡിസീസ് എന്നത് ശരീരത്തിലെ ചുമന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഒരു ജനിതക അവസ്ഥയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗമുണ്ടാകാന്‍ തുല്യ സാധ്യതയാണ് ഉള്ളത്. അരിവാള്‍ രൂപത്തിലുള്ള ഹീമോഗ്ലോബിന്‍ അടങ്ങിയ ചുമന്ന രക്താണുക്കള്‍ക്ക് രൂപമാറ്റം (ഇ പോലെ) സംഭവിക്കുകയും  അവ ഒട്ടിപ്പിടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചുമന്ന രക്താണുക്കള്‍  വേഗം നശിച്ചുപോകുന്നതിനാല്‍ രോഗിയില്‍ വിളര്‍ച്ച ഉണ്ടാകുന്നു. അച്ഛനും അമ്മയും അരിവാള്‍ രോഗ വാഹകരാണെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് രോഗം വരാനുള്ള സാധ്യത 25% ആണ്. ജീവിതകാലം മുഴുവന്‍ പരിശോധനയും ചികിത്സയും വേണ്ടിവരുന്ന രോഗമാണിത്. ഇന്ത്യയില്‍ അരിവാള്‍ രോഗത്തിന്റെ എണ്ണം കൂടുതലായതുകൊണ്ട് രോഗാവസ്ഥയെ കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് അതിപ്രധാനമാണ്. കൈ,കാല്‍ നെഞ്ച് എന്നിവിടങ്ങളിലെ രക്തക്കുഴലുകള്‍ അടയല്‍, കൈകാലുകളില്‍  വീക്കവും വേദനയും, വിളര്‍ച്ച, തുടര്‍ച്ചയായ പനിയും അണുബാധയും, അടിക്കടിയുള്ള മഞ്ഞപ്പിത്തം, ക്ഷീണം, വളര്‍ച്ച മുരടിപ്പ് എന്നിവ  ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നാലുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണാം. ഇത് കൃത്യമായ പരിശോധിക്കുവാനും രോഗ പകര്‍ച്ച തടയുവാനുമാണ് ഈ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍  ജില്ലയിലെ  പട്ടിക വര്‍ഗ  വിഭാഗത്തില്‍ പെട്ട ഗര്‍ഭിണികളെ അരിവാള്‍ കോശ രോഗ നിര്‍ണയത്തിന് വേണ്ടിയുള്ള സ്‌ക്രീനിനിങ് വിധേയമാക്കുമെന്നും, പട്ടിക വര്‍ഗ ഉന്നതികളില്‍ വ്യത്യസ്ത തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.