കാസർഗോഡ് : ഹോസ്ദുർഗ് താലൂക്കിലെ പെരിയ ഗ്രാമത്തിൽ ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അനുവദിച്ച ഭൂമിയിൽ ഗുണഭോക്താക്കളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ച് 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. പെരിയ ഗ്രാമത്തിലെ സർവേ നമ്പർ 341/1-ൽ അനുവദിച്ച ഭൂമിയിലാണ് ഏറെ നാളുകളായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതി വരുത്തി പട്ടയങ്ങൾ വിതരണം ചെയ്തത്.
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ഭൂമി, ഗുണഭോക്താക്കളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി 2021 മെയ് 10 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിലേക്ക് തിരിച്ചുനൽകിയിരുന്നു.പട്ടയം അനുവദിച്ച 60 പേരിൽ പട്ടികജാതിക്കാർക്ക് 50 സെന്റ് വീതവും, മറ്റ് വിഭാഗങ്ങൾക്ക് 25 സെന്റ് വീതവും ഭൂമി നൽകി. ഇതിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് 42 സെന്റ് ഭൂമി കൃഷി ആവശ്യങ്ങൾക്കും എട്ട് സെന്റ് കിടപ്പാട ആവശ്യങ്ങൾക്കും നൽകി.മറ്റു വിഭാഗക്കാർക്ക് നൽകിയ 25 സെന്റ് ഭൂമിയിൽ എട്ട് സെന്റ് കിടപ്പാട ആവശ്യങ്ങൾക്കും 17 സെന്റ് കൃഷി ആവശ്യങ്ങൾക്കും വേണ്ടിയായിരുന്നു.
ഇതിൽ കൃഷി ആവശ്യങ്ങൾക്ക് അനുവദിച്ച ഭൂമിക്ക് വ്യക്തമായ അതിർത്തി നിർണയം നടന്നിരുന്നില്ല. ഇത് ഗുണഭോക്താക്കൾക്കിടയിൽ ആശയ കുഴപ്പത്തിന് വഴി വെച്ചു. പിന്നീട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൃഷിഭൂമിയുടെ അതിർത്തി നിർണയവും റീസർവേ നടപടികളും പൂർത്തിയാക്കി.58 പേർക്കാണ് നിലവിൽ ഭൂമിയുടെ കൃത്യമായ അതിർത്തി നിർണയം നടത്തി പട്ടയം കൈമാറിയത്. കഴിഞ്ഞ ദിവസം പട്ടിക ജാതി
പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഭൂപ്രശ്നങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി.
ഹോസ്ദുർഗ് താലൂക്കിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒ. ഇൻ ചാർജ് ബിനു ജോസഫ് പട്ടയം വിതരണം ചെയ്തു. ചടങ്ങിൽ ഹോസ്ദുർഗ് തഹസിൽദാർ ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ വി. അശോകൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. രമേഷ്, അനിൽ സി.ഫിലിപ്പ്, പെരിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ രഞ്ജിനി എന്നിവർ സംസാരിച്ചു.