ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ട് വിഭാഗങ്ങളെ പ്രത്യേകം എടുത്തുപറയുന്നത് ശരിയല്ല. ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രം പരിശീലനം നല്‍കണമെന്ന് പറഞ്ഞതിനെ നല്ല ഉദ്ദേശത്തില്‍ കാണാന്‍ സാധിക്കില്ല. പരിശീലനം എല്ലാവര്‍ക്കും നല്‍കണമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
അടൂരിനെ പോലെയൊരു വ്യക്തി അത്തരത്തില്‍ പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അത് പിന്‍വലിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു. പി കെ ഫിറോസ് യുഡിഎഫിന്റെ ശക്തനായ നേതാവാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെയും ബിജെപിയുടെയും പി ആര്‍ വര്‍ക്കാണ് ഫിറോസിനെതിരായ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് പിന്നിലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിനെ ഇല്ലാതാക്കാനുള്ള സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.