കാസർകോട് : ഉഡുപ്പി- കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു . വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി, സംസാരിക്കുകയായിരുന്നു മന്ത്രി. ഉടുപ്പി കാസര്‍ഗോഡ് 400 കെവി ലൈന്‍ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നല്‍കാന്‍ കഴിയുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കാസര്‍കോട് മയിലാട്ടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വിതരണം മേഖലയില്‍ 13015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന്റെ നെടുംതൂണായ ഊര്‍ജ്ജ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ ഷെഡ്യൂള്‍ ചെയ്ത പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ല. ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. ഇതില്‍ പ്രധാനപ്പെട്ടത് ഇടമണ്‍-കൊച്ചി 400 കെ.വി. പവര്‍ ഹൈവേയും, പുഗലൂര്‍-മാടക്കത്തറ ലൈനുമാണ്. ലൈനുകളുടെ പൂര്‍ത്തീകരണത്തോടെ കേരളത്തിന്റെ മൊത്തം വൈദ്യുതി ഇറക്കുമതി ശേഷി 2550 മെഗാവാട്ടായി വര്‍ധിച്ചതിനാല്‍, സംസ്ഥാനത്ത് വൈദ്യുതിയുടെ ലഭ്യത ഉറപ്പുവരുത്താനും പൂര്‍ണ്ണമായി ഒഴിവാക്കാനും സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 1.8 ലക്ഷം സര്‍ക്കാര്‍ ഉപഭോക്താക്കളുടെ മീറ്ററുകളും, ഫീഡര്‍ മീറ്ററുകളും മുന്‍ഗണനാടിസ്ഥാനത്തില്‍ 2025 നവംബറിനകം പൂര്‍ത്തിയാക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ കേരളം വലിയ മുന്നേറ്റം നടത്തി. 2016-ല്‍ 16.49 മെഗാവാട്ട് ആയിരുന്ന സൗരോര്‍ജ്ജ ഉത്പാദനം ഇന്ന് 1576 മെഗാവാട്ട് ആയി വര്‍ദ്ധിച്ചു. ജലവൈദ്യുത ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ക്ക് പുനരുജ്ജീവിപ്പിച്ചു. തോട്ടിയാര്‍ (40 മെഗാവാട്ട്), പള്ളിവാസല്‍ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്) എന്നിവ ഉള്‍പ്പെടെ 179.65 മെഗാവാട്ട് അധിക ജലവൈദ്യുത ശേഷി കൂട്ടിച്ചേര്‍ത്തു. നിലവില്‍, 111 മെഗാവാട്ട് ശേഷിയുള്ള ഏഴ് പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 800 മെഗാവാട്ടിന്റെ ഇടുക്കി സുവര്‍ണ്ണ ജൂബിലി പദ്ധതിയും 450 മെഗാവാട്ടിന്റെ ശബരിഗിരി വിപുലീകരണ പദ്ധതിയും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതികളില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് കാര്‍ഷിക പമ്പുകള്‍കക്കുള്ള വൈദ്യുതി സൗജന്യമായി ലഭിക്കുന്നതൊപ്പം, സ്വന്തം ഉപയോഗത്തിന് ശേഷം മിച്ചമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നത് വഴി അവര്‍ക്ക് അധിക വരുമാനം ഉറപ്പ് വരുത്തുന്ന പി എം കുസും പദ്ധതിയും നാം നടപ്പിലാക്കി വരുന്നു. ഇതില്‍ കര്‍ഷകന് മുതല്‍ മുടക്കില്ല. സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ കാര്‍ഷികാവശ്യത്തിനുള്ള ഒരു ലക്ഷം പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി 9348 പമ്പുകളില്‍ നബാര്‍ഡിന്റെ ധനസഹായത്തോടുകൂടി സൗരോര്‍ജത്തിലേക്ക് മാറ്റുവാനുള്ള നടപടി അനര്‍ട്ട് സ്വീകരിച്ചു വരുന്നു. ഇതില്‍ രണ്ടായിരത്തില്‍പരം പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കരണം പൂര്‍ത്തിയായി. കേരളത്തിന്റെ വൈദ്യുതി മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സംരംഭങ്ങളും ഈ കാലഘട്ടത്തില്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതിയില്ലാത്ത ആദിവാസി ഉന്നതികളില്‍ ഈ വര്‍ഷം തന്നെ വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 43 ഉന്നതികളില്‍ ഗ്രിഡ് മുഖേനയും 40 ഉന്നതികളില്‍ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് സംവിധാനം വഴിയും വൈദ്യുതീകരണം നടപ്പാക്കി വരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി സോളാര്‍ പ്ലാന്റ് നല്‍കി പ്രതിവര്‍ഷം 10,000 രൂപ വരെ വരുമാനം ഉറപ്പാക്കുന്ന ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയും നടപ്പാക്കി വരുന്നു. ഇത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലയളവില്‍, പശ്ചാത്തല സൗകര്യ വികസനത്തില്‍ കേരളത്തിന് വലിയ കുതിപ്പ് നേടാന്‍ സാധിച്ചു. കേരളം ഒരു വ്യവസായ നിക്ഷേപ സൗഹൃദ നാടല്ല എന്ന പ്രചരണത്തെ തിരുത്താന്‍ ഇപ്പോള്‍ നമുക്ക് കഴിഞ്ഞു. കേരളത്തില്‍ വരുന്ന സംരംഭകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സംരംഭങ്ങള്‍ സംസ്ഥാനത്ത് വലിയ തോതില്‍ ഉയര്‍ന്നുവരുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കാര്യത്തില്‍ ഇപ്പോള്‍ 63 ലക്ഷത്തിലധികം പേര്‍ക്ക് 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിന്റെ 98% വിഹിതവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷനായി നല്‍കിയത് 74,485 കോടി രൂപയാണ്. 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അതില്‍ 78 ശതമാനം പേരേയും അതിദാരിദ്ര്യ മുക്തമാക്കിക്കഴിഞ്ഞു. ബാക്കി ഉള്ളവര്‍കൂടി നവംബര്‍ ഒന്നോടുകൂടി പൂര്‍ണ്ണമായും അതി ദരിദ്രാവസ്ഥയില്‍ നിന്നും മുക്തരാകുമെന്നിം മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ നാലേകാല്‍ ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരു ലക്ഷത്തി പതിനാലായിരത്തോളം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വീട് നിര്‍മ്മാണത്തിന് കേരളം നല്‍കുന്ന തുകയുടെ പകുതി പോലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നില്ല. ഒന്‍പത് വര്‍ഷം കൊണ്ട് നാല് ലക്ഷത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. മന്ദഗതിയിലായിരുന്ന ആരോഗ്യരംഗത്തെ, ആര്‍ദ്രം മിഷനിലൂടെ ശക്തിപ്പെടുത്തി. 688 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമായി. ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഇപ്പോള്‍ 2800 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രതിവര്‍ഷം 1600 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്ക് മാറ്റങ്ങളുണ്ടായി. അവസാനിച്ചെന്ന് മാത്രമല്ല, 10 ലക്ഷം കുട്ടികള്‍ അധികമായി ചേര്‍ന്നു. 2016 മുതല്‍ പൊതുവിദ്യാലയങ്ങളില്‍ 5000 കോടിയോളം രൂപയുടെ നിക്ഷേപം നടത്തി. വിനോദസഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടം ഉണ്ടായി. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയില്‍ നിന്ന് കേരളത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.