+

വൈവിധ്യങ്ങളെ തച്ചുടക്കാനുള്ള ശ്രമങ്ങൾ ചെറുക്കണം : മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈവിധ്യങ്ങളെ അതേപടി ഉൾക്കൊള്ളുക എന്ന വിശാലമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കലാണ് സ്വാതന്ത്ര്യ സമര പോരാളികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിക്രം മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യസമര സ്മൃതികളെ വളച്ചൊടിക്കാനുള്ള വലിയ പരിശ്രമമാണ് നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മഹത്തായ ചരിത്രത്തെ കളങ്കപ്പെടുത്താൻ ആരു ശ്രമിച്ചാലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ യഥാർത്ഥ ചരിത്രം പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുന്നതാകണം സ്വാതന്ത്ര്യദിന ആഘോഷങ്ങൾ. സ്വാതന്ത്ര്യം നേടിത്തന്ന ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് ഈ ദിവസത്തെ പൂർണ്ണമാക്കുകയെന്നും മന്ത്രി പറഞ്ഞു.  

വ്യത്യസ്ത ധാരകൾ ചേർന്ന നമ്മുടെ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിലാണ് ഇന്ത്യ ഉയർന്നുവന്നത്. ആ മൂല്യങ്ങൾ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഇന്ത്യ എന്ന ആശയത്തെ പടുത്തുയർത്തിയ മൂല്യങ്ങളെ തകർക്കാൻ ഒരു ശക്തിയെയും അനുവദിച്ചു കൂടാ. അത്തരം ശക്തികൾക്കെതിരെ വലിയ പ്രതിരോധമാകാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറാൻ ആരെയും അനുവദിച്ചു കൂടാ. നാനാത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തിൽ ഊന്നിയതാണ് ഇന്ത്യ എന്ന ആശയം. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ, വേഷം തുടങ്ങിയ എല്ലാ വേർതിരിവുകളെയും അതിർവരമ്പുകളെയും മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യ എന്ന ഒറ്റ വികാരമായിരുന്നു സ്വാതന്ത്ര്യസമര പോരാളികളെ നയിച്ചിരുന്നത്. അവർ നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ നിറവേറ്റുക എന്നുള്ളതാണ് ഇന്നത്തെ സമൂഹത്തിൽ അർപ്പിതമായ കടമയെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്രസമരത്തിൽ ഉയർത്തിപ്പിടിച്ച ദേശീയത അതേപടി നിലനിർത്താൻ സാധിക്കണം. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും അതിന് നിലനിർത്തുകയും പരിപോഷിപ്പിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു

രാവിലെ 8.50 ന് പൊലീസ് അകമ്പടിയോടെ മൈതാനിയില്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ സിംഗും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ ടി നാരായണനും കോഴിക്കോട് ജില്ല റൂറൽ പോലീസ് മേധാവി കെ ഇ ബൈജുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ രാവിലെ ഒമ്പത് മണിക്ക് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. ശേഷം, തുറന്ന ജീപ്പില്‍ സഞ്ചരിച്ച് മന്ത്രി പരേഡ് പരിശോധിച്ച് 26 പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു.

പരേഡ് കമാന്‍ഡര്‍ ഫറോക്ക് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അണിനിരന്ന പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി, സിവില്‍ ഡിഫെന്‍സ്, സ്‌കൂള്‍ ബാന്‍ഡ് തുടങ്ങിയ വിഭാഗങ്ങളിലായി 26 പ്ലാറ്റൂണുകള്‍ അണിനിരന്നു. പരേഡിനു ശേഷം സെന്റ് വിൻസെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പ്രൊവിഡൻസ് കോളേജ്, കേന്ദ്രീയ വിദ്യാലയം വൺ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

എം പി മാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എം.എല്‍.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് അഡ്വ. പി ഗവാസ്, സബ് കളക്ടര്‍ ഗൗതം രാജ്, എഡിഎം പി സുരേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച കണ്ടിജന്റുകള്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

facebook twitter