
കാസർകോട് : രാജ്യത്ത് ഭരണഘടനാ തത്വങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. സോഷ്യലിസം മതേതരത്വം ഫെഡറലിസം ജനാധിപത്യം എന്നിവയെല്ലാം ഇന്ന് ഭീഷണി നേരിടുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40% ഉണ്ട് അതേസമയം രാജ്യത്തെ പാവപ്പെട്ടവരായ 50 ശതമാനം ജനങ്ങള്‍ക്കായി ആകെ സമ്പത്തിന്റെ 3% മാത്രമാണ് പങ്കിടാന്‍ ഉള്ളത്. ഈ വലിയ അസമത്വം നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു ജനാധിപത്യ രാജ്യത്തിന് അസമത്വങ്ങള്‍ ഭൂഷണമല്ല. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ വിയോജിപ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണതകള്‍ എന്നിവ ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല .മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഭരണഘടനാ തത്വങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ആയ നിയമവ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ വ്യാപാര നയങ്ങള്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ പുതിയ വെല്ലുവിളിയായി കാണേണ്ടതുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ഉയര്‍ന്ന നികുതി ചുമത്തുകയും ഇന്ത്യയിലേക്ക് കാര്‍ഷിക,ക്ഷീര ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. അതിനാല്‍ നമ്മുടെ പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ പ്രോത്സാഹിപ്പിച്ച് നമ്മുടെ കാര്‍ഷിക മേഖലയെ കൂടുതല്‍ സ്വയം പര്യാപ്തമാക്കാന്‍ നമുക്ക് കഴിയണം.
നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളും സോഷ്യലിസ്റ്റ് ചിന്തകരും സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എങ്കിലും പുരോഗമനപരമായ നിലപാടുകളിലൂടെയും വികസനോന്മുഖമായ കാഴ്ചപ്പാടുകളിലൂടെയും സാമൂഹികനീതിയില്‍ ഊന്നിയ ഭരണത്തിലൂടെയും കേരളം ആ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു. ജാതിയുടെയോ, മതത്തിന്റെയോ, ഭാഷയുടെയോ അതിരുകളില്ലാതെ, ഒറ്റ മനസോടെ ഇന്ത്യയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. നമ്മുടെ ധീരരായ പൂര്‍വ്വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയും അതിന്റെ ചരിത്രത്തെയും അനുസ്മരിക്കാനുള്ള സുപ്രധാന ദിവസമാണ് ഓരോ സ്വാതന്ത്ര്യദിനവും. മഹാത്മാഗാന്ധിജിയുടെ അഹിംസയുടെ പാത, ഭഗത് സിംഗിനെപ്പോലുള്ള വിപ്ലവകാരികളുടെ ധീരമായ പോരാട്ടങ്ങള്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവേശം നിറഞ്ഞ നേതൃത്വം, കൂടാതെ മൗലാനാ അബ്ദുള്‍ കലാം ആസാദിനെപ്പോലുള്ള നേതാക്കളുടെ നേതൃത്വവും സ്വാതന്ത്ര്യസമരത്തിന് മുതല്‍ക്കൂട്ടായി. രാജ്യത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കും അസമത്വത്തിനും എതിരെ പൊരുതിയ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് ആയിരുന്ന അംബേദ്കറുടെ സംഭാവനയും മറക്കാന്‍ കഴിയില്ലെന്നു മന്ത്രി പറഞ്ഞു.
ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെയും, പ്രസ്ഥാനത്തിന്റെയും ആവേശം നിയമലംഘന കാസര്‍കോട്ടും അലയടിച്ചു. ഉപ്പുസത്യാഗ്രഹത്തിന് പയ്യന്നൂരില്‍ നേതൃത്വം നല്‍കിയ കെ.കേളപ്പന്‍ ആയിരുന്നു ഈ സമരങ്ങളുടെയെല്ലാം കേരളത്തിലെ മുന്നണിപ്പോരാളി. അദ്ദേഹത്തോടൊപ്പം കാസര്‍കോടിന്റെ മണ്ണില്‍ നിന്നും വിദ്വാന്‍ പി. കേളു നായര്‍, ഗാന്ധി കൃഷ്ണന്‍ നായര്‍, എ.സി.കണ്ണന്‍ നായര്‍, കെ. മാധവന്‍, കയ്യാർ കിഞ്ഞണ്ണ റൈ, മഞ്ചേശ്വരം ഗോവിന്ദപൈ തുടങ്ങിയ നിരവധി ധീരദേശാഭിമാനികള്‍ അണിനിരന്നു. നീലേശ്വരം കേന്ദ്രീകരിച്ച് നടന്ന പോരാട്ടങ്ങള്‍ കാസര്‍കോടിന്റെ സമരചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങളാണ്. കര്‍ഷക സമരങ്ങള്‍ക്ക് ആവേശം നല്‍കിയ എ.വി.കുഞ്ഞമ്പുവും കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത ധീരന്മാരും ഈ നാടിന്റെ വീര്യത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇല്ലാതാക്കി, സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയെയാണ് ഇവര്‍ സ്വപ്നം കണ്ടത്. ഇന്ന് രാജ്യത്ത് വര്‍ധിച്ചുവരുന്ന മതവിദ്വേഷ പ്രസംഗങ്ങളും, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നമ്മുടെ ഭരണഘടനാ തത്വങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ജനാധിപത്യത്തിന്റെറെ നെടുംതൂണുകളായ നിയമവ്യവസ്ഥ, മാധ്യമങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ നിഷ്പക്ഷത ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തെ ഇന്ന് കാര്‍ന്നുതിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി ഉപയോഗം. യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ ദുശ്ശീലം നമ്മുടെ രാജ്യത്തിന്റെ ഭാവിക്കുവരെ ഭീഷണിയുയര്‍ത്തുന്നു. ഒരു നല്ല നാളേക്കായി ഓരോരുത്തരും ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം.നമ്മുടെ യുവജനങ്ങളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. പുതിയ കഠിനാധ്വാനത്തിലൂടെയും ചിന്തകളിലൂടെയും, നാടിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയണം. സ്വയം പര്യാപ്തരും, പുരോഗമന ചിന്താഗതിയുള്ളവരുമായി വളര്‍ന്ന്, നമ്മുടെ രാജ്യത്തിന്റെ ഭാവിക്ക് നിങ്ങള്‍ വഴികാട്ടികളാകണമെന്നും മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.