കോഴിക്കോട്: ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും ജാഗ്രതയോടെ കാണണമെന്നും ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ സ്വാതന്ത്ര്യദിന അസംബ്ലിയിൽ ദേശീയ പതാക ഉയർത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും ഗൗരവത്തോടെ കാണണം. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ് - അദ്ദേഹം പറഞ്ഞു.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി ആനമങ്ങാട്, ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, വിഎം റശീദ് സഖാഫി, സുഹൈൽ അസ്ഹരി, അസ്ലം നൂറാനി മലയമ്മ, ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.