കേരള ക്രിക്കറ്റ് ലീഗ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച്ച; ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനവും സംഗീത നിശയും അരങ്ങേറും

08:04 PM Aug 15, 2025 | AVANI MV


തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും. 

ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്.ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടർന്ന്  കെ.സി.എല്ലിൻ്റെ ഭാഗ്യചിഹ്നങ്ങളുടെ പേരുകൾ  പ്രഖ്യാപിക്കും.

ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളെയും അവരുടെ ഔദ്യോഗിക ഗാനത്തിന്റെ അകമ്പടിയോടെ വേദിയിൽ പരിചയപ്പെടുത്തും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സദസ്സിനായി പ്രശസ്ത ഗായകരായ വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും.

Trending :