
കൊച്ചി : 2023-ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി. രണ്ട് വർഷത്തിന് ശേഷം തുർക്കിയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടൻ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിന്റെ എക്സ് പോസ്റ്റ്. ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്ഥാനെ തുർക്കി പിന്തുണച്ച പശ്ചാത്തലത്തിൽ കൂടിയാണ് വിമർശനം.
2023-ൽ തുർക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള എൻഡിടിവിയുടെ വാർത്തയും തരൂർ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ‘ലോകബോധത്തെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു,’ എന്ന് അന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.