ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു.
1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങൾ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദസഞ്ചാരരംഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ഗോത്ര കലകളുമുൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ വിദേശനാടുകളിൽപ്പോലും പഠനങ്ങൾ നടക്കുന്നു.
അന്തസ്സായി ജീവിക്കുന്നതിനും സാമ്പത്തിക ഭദ്രതക്കും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നൽ നൽകിയുള്ള നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലെത്താൻ വെല്ലുവിളികൾ ഏറെയുണ്ട്. സാമ്പത്തിക പരിമിതികൾക്കിടയിലും സാമൂഹിക പുരോഗതിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമങ്ങളുണ്ടാകണം. വർഗീയധ്രൂവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കണം.