കോഴിക്കോട്: നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്നും തട്ടികൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. തട്ടികൊണ്ടുപോയ എട്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെയാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെ നടക്കാവിൽ നിന്നും സുഹൃത്ത് സിനാൻ അടങ്ങുന്ന നാലംഗ സംഘം തട്ടികൊണ്ടുപോയത്. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെയാണ് പൊലീസ് കക്കാടം പൊയിലിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് സംഘത്തെ പിടികൂടിയ വിവരം ലഭിക്കുന്നത്. തട്ടികൊണ്ടുപോയ നാലുപേരും സഹായിച്ച നാലു പേരുമുൾപ്പെടെയാണ് എട്ടുപേരെ പൊലീസ് പിടികൂടുന്നത്.
റഹീസിനെ കോഴിക്കോടേക്ക് വിളിച്ചുവരുത്തിയ സ്ത്രീയെ പൊലീസ് നേരത്തെ കസ്റ്റഡിൽ എടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.