ദി റിയല്‍ കേരള സ്റ്റോറി, വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘികളും ക്രിസംഘികളും ജമാഅത്തെ ഇസ്ലാമിയും കണ്ടു പഠിക്കുമോ കാന്തപുരം ഉസ്താദിന്റെ നന്മ

11:07 AM Jul 16, 2025 | Raj C

കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ള നിമിഷ പ്രിയയുടെ ശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവ് വന്നതോടെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്. നയന്ത്രതലത്തിലെ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോഴാണ് സൗഹൃദങ്ങള്‍ വഴി കാന്തപുരം ഇടപെട്ടതും നിമഷയ്ക്ക് താത്കാലിക ആശ്വാസമേകിയതും.

സംസ്ഥാനത്ത് മതവെറി പ്രചരണം നടത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരവെ കാന്തപുരത്തിന്റെ ഇടപെടല്‍ വലിയ രീതിയിലുള്ള മതസൗഹാര്‍ദ്ദം വിളിച്ചോതുന്നതാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. സംഘികളും ക്രിസംഘികളുമെല്ലാം കണ്ടുപഠിക്കേണ്ടതാണ് കാന്തപുരത്തിന്റെ ഇടപെടലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ദി റിയല്‍ കേരള സ്റ്റോറി

ഏറ്റവും പുതിയ അധ്യായം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ വക.
***
എന്നൊക്കെ നിങ്ങള്‍ക്ക് തോന്നും.
എന്നാല്‍ സംഘികളുടെയും ക്രിസംഘികളുടെയും പാരലല്‍ ലോകത്തു വേറെയാണ് താരങ്ങള്‍.
ഗവര്‍ണ്ണര്‍, കേന്ദ്ര സര്‍ക്കാര്‍
ഏത് ഗവര്‍ണ്ണര്‍, കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ ഒരു താല്‍ക്കാലിക വൈസ് ചാന്‍സലറെ എങ്ങിനെ നിയമിക്കണം എന്ന നിയമത്തെപ്പറ്റി  ധാരണയില്ലാത്ത ഗവര്‍ണ്ണര്‍ യെമനില്‍ ഇടപെട്ടെന്നിരിക്കും. മിക്കവാറും ഹൂത്തികളുമായി നേരിട്ടായിരിക്കും ഇടപാട്. പറയാന്‍ പറ്റില്ല.

പിന്നെ കേന്ദ്ര സര്‍ക്കാര്‍. നയതന്ത്ര തലത്തില്‍ ഇനി കാര്യമായൊന്നും ചെയ്യാനില്ല എന്ന് ഇന്നലെ സുപ്രീം കോടതിയില്‍ പറഞ്ഞിട്ട് വക്കീല്‍ വീട്ടിലെത്തിയതേയുള്ളൂ. അത് കേട്ടപ്പോള്‍ അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് സങ്കടകരമായ കാര്യമാണെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു.

ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് വാസ്തവമാണ്. സര്‍ക്കാരിന് സര്‍ക്കാരിന്റെ രൂപത്തിലേ ഇടപെടാന്‍ പറ്റൂ. അവിടെ ശരിയായ രൂപത്തിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ നിലവിലില്ല. ഇന്ത്യ സര്‍ക്കാരിന് വളരെ പരിമിതികളുണ്ട്; കേരള ഗവര്‍ണറെപ്പോലെയല്ല.

സംഘികളോടും ക്രിസംഘികളോടും പറയാനുള്ളത്, നിങ്ങളില്‍ ചിലരുടെയെങ്കിലും തലയിലുള്ള മുസ്ലിം സമുദായചിത്രം കൈവെട്ടു പാര്‍ട്ടികളുളോടും  ആടുമേയ്ക്കല്‍ ടീമിന്റെയും മതവാദി മൗദൂദികളുടേയുമാണ്. വാസ്തവത്തില്‍ ഇജ്ജാതി ടീമിനെയെല്ലാം കൂടി പെറുക്കൂട്ടിയാല്‍ സമുദായത്തിലെ അഞ്ചു ശതമാനം വരില്ല. അതല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന, നിങ്ങള്‍ക്ക് നേരിട്ട് പരിചയമുള്ള മനുഷ്യരെപ്പറ്റി കുറച്ചുകൂടെ മെച്ചപ്പെട്ട ധാരണയുണ്ടാക്കാന്‍ ഈ വിഷയം നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാം.  
നിങ്ങള്‍ക്ക് വേണമെങ്കില്‍.

ശരിക്കും സങ്കടപ്പെട്ടിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്: മൗദൂദികള്‍. എപി ഉസ്താദിന്റെ ഇടപെടല്‍ ഫലം കണ്ടേക്കുമെന്നു വിചാരിച്ചു അക്കൂട്ടര്‍ നേരത്തെ തന്നെ ചില കേസുകളൊക്കെ പൊക്കിപ്പിടിച്ചു വെറുപ്പിന്റെ ക്യാംപെയിന്‍ തുടങ്ങിയിരുന്നു. അതിലൊരു കേസ് കര്‍ണ്ണാടകയിലാണ്. അവരുടെ പുതിയ രക്ഷകരായ കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന സംസ്ഥാനത്ത്. പിന്നെ ഇന്ത്യന്‍ കോടതികള്‍ ജാമ്യഅപേക്ഷ പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്തതാണ്  ചില കേസുകള്‍.

ഇവിടെയൊക്കെ ഉസ്താദ് കോടതിയില്‍പ്പോയി ജാമ്യമെടുക്കണം എന്നാണ് മൗദൂദികളുടെയും അവരുടെ കൊട്ടിപ്പാട്ടുകാരുടെയും ആവശ്യം എന്ന് തോന്നുന്നു.
ഇന്ത്യന്‍ ജനാധിപത്യസ്ഥാപനങ്ങളുടെ അടിവാരം പരിവാരം ഇളക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനു പരിഹാരം കാണാതെ ഈ മനുഷ്യര്‍ക്ക് നീതി ലഭ്യമാകില്ല എന്നും അറിയാത്തവരല്ല ഇക്കൂട്ടര്‍.

പക്ഷെ പരിവാരത്തെ പറയുന്നതിനുപകരം അവര്‍ ഉസ്താദിനെ പറയും. കാരണം അവരുടെ മതവാദ അജണ്ടയ്‌ക്കെതിരെ ഇന്ത്യന്‍ മുസല്‍മാനുയര്‍ത്തിയ ഏറ്റവും വലിയ പ്രതിരോധ പ്രതീകങ്ങളിലൊന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. മതമല്ല മനുഷ്യനാണ് വിഷയമെന്നു പറയാന്‍ കെല്‍പ്പുള്ള മത പണ്ഡിതന്‍.
മൗദൂദികളെ, ഈ വിഷയത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന എനിക്കൂഹിക്കാം. പക്ഷെ ഖുര്‍ആന്‍ ഇടയ്ക്കിടെ പറയുന്ന ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു: അള്ളാഹു കാരുണ്യവാനാണ്. ആയതിനാല്‍ അവന്‍ നിങ്ങളുടെമേലും കാരുണ്യം വാര്‍ഷിക്കട്ടെ. മനുഷ്യരുടെ സന്തോഷങ്ങളില്‍ സന്തോഷിക്കാനും ആശ്വാസങ്ങളില്‍ ആശ്വസിക്കാനുമുള്ള അനുഗ്രഹം നിങ്ങള്‍ക്കും തരട്ടെ. പാഷാണത്തില്‍ കൃമികളായുള്ള നിങ്ങളുടെ ജീവിതത്തില്‍നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കട്ടെ.

***

ഒരു മനുഷ്യന്‍, മലയാളി, മരണത്തിന്റെ നിഴലില്‍നിന്നു എന്നന്നേയ്ക്കുമായി  പുറത്തുവരട്ടെ എന്നാഗ്രഹിക്കുന്ന എല്ലാ മനുഷ്യരോടുമൊപ്പം ഞാനും ഉസ്താദിന്റെ ശ്രമം പൂര്‍ണ്ണമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.