കണ്ണൂർ :സർക്കാർ പരിപാടിയിൽ വേദിയിലിരുന്നതിന് വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് 'കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴപ്പിലങ്ങാട് -ധർമ്മടം ഡ്രൈവ് ഇൻ ബീച്ച് ഒന്നാം ഘട്ട പദ്ധതി പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമ്പോൾ വേദിയിലിരുന്നത് മുൻ ജനപ്രതിനിധിയെന്ന നിലയിലാണ്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്നും കെ കെ രാഗേഷ് പ്രതികരിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണം ഇല്ലെങ്കിലും മുൻ എം പിമാർ പങ്കെടുക്കാറുണ്ടെന്ന് കെ കെ രാഗേഷ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തത് മുൻ ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്കൊപ്പം പരിപാടിക്ക് എത്തിയപ്പോൾ സംഘടകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വേദിയിൽ ഇരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. വിഴിഞ്ഞം പരിപാടിയിൽ മന്ത്രിമാർ പോലും ഇരിക്കാത്ത വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇരുന്നതാണ് പ്രശ്നം. ഈ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ വാർത്തയാണിതെന്ന് കെ കെ രാഗേഷ് ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് ഇപ്പോഴത്തെ വിവാദമെന്ന് കെ കെ രാഗേഷ് പറഞ്ഞു. ബി ജെ പിക്കൊപ്പം കോൺഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശുന്നു. വിഴിഞ്ഞം ഉദ്ഘാടനം ലജ്ജാകരമായ രീതിയിൽ ബി ജെ പി രാഷ്ട്രീയവത്കരിച്ചു. പ്രോട്ടോകോൾ പ്രകാരം സംസ്ഥാനം പറയാത്ത പേരായിരുന്നു ബി ജെ പി അധ്യക്ഷന്റേതെന്ന് കെ.കെ രാഗേഷ് പറഞ്ഞു.