കൊടി സുനിയുടെ പരസ്യ മദ്യപാനം; ഒറ്റിയത് കുടിപ്പകയില്‍ ? തലശേരിയിലെ പോക്കും വരവിലെയും രഹസ്യങ്ങൾ ക്വട്ടേഷൻ സംഘം പൊലിസിന് ചോർത്തി നൽകി

09:35 AM Aug 06, 2025 | AVANI MV

തലശേരി: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യമദ്യപാന വിവാദത്തിനിടെ വെളിപ്പെടുന്നത് ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയും ഒറ്റുകൊടുക്കലും തലശേരി കോടതിക്കു സമീപത്തെ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍ അതീവ രഹസ്യമായി നടന്ന മദ്യസേവയുടെ വിവരങ്ങള്‍ ആഭ്യന്തരവകുപ്പിന് ചോര്‍ത്തിയത് കൊടി സുനിയുടെ എതിര്‍ സംഘത്തിൽ പെട്ടവരാണെന്നാണ് സൂചന. നേരത്തെ കൊടി സുനിക്കു കീഴിലെ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ചിലരാണ് കൂറുമാറി പുതിയ സംഘമുണ്ടാക്കിയത്. ഇവരാണ് എസ്‌കോര്‍ട്ട് പോയ പൊലിസുകാരുടെ സാന്നിധ്യത്തില്‍ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും മദ്യസേവ നടത്തിയ വിവരം വിശ്വസ്തര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. തൊട്ടുപിന്നാലെ ലോക്കല്‍ പൊലിസിനെപ്പോലും അറിയിക്കാതെ പ്രത്യേക അന്വേഷണസംഘം തലശേരി കോടതിക്കുമുന്നിലെ

ഹോട്ടലിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലിസുകാരെ സസ്‌പെന്റ് ചെയ്തത്. കൊടി സുനിക്കുള്ള മുന്നറിയിപ്പു കൂടിയായിരുന്നു ഇത്. മദ്യപിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതിനു പിന്നിലും സുനിയുടെ എതിര്‍ ചേരിയാണെന്നറിയുന്നു. ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണം കാട്ടി കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയതിനു പിന്നിലും എതിര്‍ സംഘത്തിന്റെ നീക്കങ്ങളുണ്ടെന്നാണ് വിവരം. 

കഴിഞ്ഞ ജൂലൈ 21നായിരുന്നു സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. വയനാട് മീനങ്ങാടിയില പുതിയ വീടിന്റെ വിലാസത്തിലായിരുന്നു കൊടി സുനി പരോളിന് അപേക്ഷിച്ചത്. പരോള്‍ കാലയളവില്‍ ആഴ്ചതോറും മീനങ്ങാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും സ്റ്റേഷന്‍പരിധി വിടരുതെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സുനി കോഴിക്കോട്ടും കണ്ണൂരും കര്‍ണാടകയിലും കറങ്ങിയ വിവരം പൊലിസിന് ചോര്‍ത്തിയതും എതിര്‍ ടീം ആണെന്നറിയുന്നു. ഇക്കാര്യങ്ങള്‍ മീനങ്ങാടി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈമാസം ഏഴിന് തീരേണ്ടിയിരുന്ന പരോള്‍ കാലാവധി കോടതി ഒന്നിലേക്ക് ചുരുക്കിയത്.

തങ്ങളെ ഒറ്റിയത് എതിര്‍ ചേരിയിലുള്ളവരാണെന്ന് കൊടി സുനിയുടെ സംഘത്തിനും ബോധ്യമായിട്ടുണ്ട്. വരും നാളുകളില്‍ ഇവര്‍ തമ്മിലുള്ള പോര് കനക്കുമോ എന്ന ആശങ്ക രഹസ്യാന്വേഷണവിഭാഗത്തിനുണ്ട്. മുമ്പ് കൊടി സുനിയുടെ പേരില്‍ ക്വട്ടേഷനും കുഴല്‍പ്പണ ഇടപാടും സ്വര്‍ണം പൊട്ടിക്കലും ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് കാവല്‍നില്‍ക്കലും ഭൂമി ഇടപാടും നടത്തിയവരില്‍ ചിലരാണ് പുതിയ സംഘത്തിനു ചുക്കാന്‍ പിടിക്കുന്നത്. രാഷ്ട്രീയ വൈരവും കൊലപാതകങ്ങളും കുറഞ്ഞതോടെയാണ് ഈ സംഘം പുതിയ മേഖലയില്‍ സജീവമായത്. സ്വര്‍ണം പൊട്ടിക്കല്‍ ദുഷ്‌കരമായതോടെ മയക്കുമരുന്ന് കടത്തലിലും സംഘം കൈവച്ചിട്ടുണ്ട്. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നിലച്ചതിനു പിന്നാലെ രാഷ്ട്രീയനേതൃത്വം കൈയൊഴിഞ്ഞതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ പുതിയ ലാവണങ്ങളിലേക്ക് കളം മാറ്റിയത്. അക്രമ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന പണം പങ്കിടുന്നതിലെ തര്‍ക്കങ്ങളാണ് സുനിക്കു കീഴിലെ ടീം വഴിപിരിയാന്‍ കാരണമെന്നറിയുന്നു. നിലവില്‍ കുടിപ്പകയോളം വളര്‍ന്നിട്ടുണ്ട് ഇരുസംഘങ്ങള്‍ക്കുമിടയിലെ അകല്‍ച്ച.

അതിന്റെ തുടര്‍ച്ചയാണ് സുനിയെ ഒറ്റുന്നതിനു പിന്നിലും. ഒറ്റുകാരെക്കുറിച്ച് കൊടി സുനിയുടെ സംഘത്തിന് കൃത്യമായ വിവരങ്ങളുണ്ടെന്നറിയുന്നു. കഴിഞ്ഞ ജൂലൈ 17നായിരുന്നു മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്ക് കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ തലശേരി കോടതിയിലെത്തിയത്. ഇതേ കേസില്‍ വിചാരണയ്‌ക്കെത്തിയ എതിര്‍സംഘത്തിലെ ഒരാളാണ് ഒറ്റിയതെന്നാണ് സുനിയുടെ സംഘം സംശയിക്കുന്നത്.