മാലിന്യം മൂടി നീരൊഴുക്ക് നിലച്ച കോലറയാറിനെ വീണ്ടെടുക്കാൻ ഒരുങ്ങി ജനകീയ കൂട്ടായ്മ

02:35 PM Jul 31, 2025 |


തിരുവല്ല : കോലറയാറിനെ വീണ്ടെടുക്കാൻ ഒരുങ്ങി ജനകീയ കൂട്ടായ്മ. കോലറയാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാലിന്യം മൂടി നീരൊഴുക്ക് നിലച്ച് നാശത്തിന്റെ വക്കിലായ കോലയാറിനെ വീണ്ടെടുക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. പമ്പയുടെ കൈവഴിയായി കടപ്രയിൽ നിന്നും ആരംഭിച്ച് പതിനൊന്നര കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന കോലറയാർ പമ്പയുടെ തന്നെ കൈവഴിയായ നിരണം അരീത്തോട്ടിൽ പതിക്കും. വാഹന ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളും ചരക്ക് നീക്കത്തിനായി കെട്ടുവള്ളങ്ങളും കടന്നു പോയിരുന്ന തോടാണ് ഇത്. 

കാലം പുരോഗമിച്ചതോടെ തോടിൻ്റെ പ്രസക്തി കുറഞ്ഞു. ഇതിന് പിന്നാലെ നിരവധി ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ തോട് കയ്യേറി.  കാലക്രമേണ മണ്ണും മാലിന്യവും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചു. തുടർന്ന് മാത്യു ടി തോമസ് എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി എട്ടുവർഷം മുമ്പ് ജലസേചന വകുപ്പിൽ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ച്  തോട് ആഴം കൂട്ടി നവീകരിച്ചിരുന്നു. 

തുടർന്ന് ഇങ്ങോട്ട് ആഴം കൂട്ടലടക്കമുള്ള പദ്ധതികൾ ഒന്നും തന്നെ നടക്കാതെ വന്നതോടെ വീണ്ടും പോളയും പായലും മാലിന്യങ്ങളും അടിഞ്ഞു. പത്തനംതിട്ട ജില്ലയിൽ ഏറ്റവും അധികം നല്ല ഉത്പാദനം നടക്കുന്ന പഞ്ചായത്തായ നിരണത്തെ പാടശേഖരങ്ങളിലേക്ക് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള മാർഗം കൂടിയാണ് കോലറയാർ. 

നവീകരണത്തിന്റെ ഭാഗമായി നിരണം പഞ്ചായത്തിലെ പൂവമ്മേലി മുതൽ ഇലഞ്ഞിക്കൽ പാലം വരെയുള്ള ഭാഗത്തെ പോളയും പായലും കഴിഞ്ഞ ദിവസങ്ങളിലായി നീക്കം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ നിരണം പഞ്ചായത്തിലൂടെ കടന്നു പോകുന്ന ഭാഗത്തെ നവീകരണം പൂർത്തിയാക്കുക എന്നതാണ് സമിതി ലക്ഷ്യമിടുന്നത്. തുടർന്ന് രണ്ടാഴ്ചകാലം കൊണ്ട് കടപ്ര പഞ്ചായത്തിലെ ഭാഗങ്ങൾ കൂടി വൃത്തിയാക്കി കോലറയാറിനെ വീണ്ടെടുക്കുവാൻ ആണ് ജനകീയ സമിതിയുടെ ശ്രമം.