തൊഴിൽവേഷത്തിൽ പ്രചാരണം പാടില്ല: കൊല്ലം ജില്ലാ കലക്ടർ

08:47 PM Dec 04, 2025 | AVANI MV

കൊല്ലം  : തൊഴിൽവേഷത്തിൽ തിരഞ്ഞെടുപ്പ്പ്രചാരണം നടത്താൻ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തിൽ അധ്യക്ഷതവഹിക്കവെ ഹരിതകർമ സേനാംഗങ്ങൾ യൂണിഫോമിൽ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെപശ്ചാത്തലത്തിലാണ് നിർദേശം. പരാതി പരിശോധിക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തിരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായിഉയർന്ന പരാതികൾ ചിലവ്‌നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തി. മുൻകൂട്ടിനിശ്ചയിച്ച വിവാഹചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തിരഞ്ഞെടുപ്പിന് തടസമാകാത്തവിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.

സമിതി അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അജയകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.