പത്തനംതിട്ട: കോന്നി പയ്യാനമണ്‍ ചെങ്കളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ക്വാറിയില്‍ വീണ്ടും പാറ ഇടിയുന്ന സാഹചര്യമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുക.
രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്.അതില്‍ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകള്‍ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്.ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി.