ആമിർ ഖാൻ നായകനായി വന്ന പുതിയ ചിത്രമാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ജോണറിൽ ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്.
സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 146 കോടി നേടിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച ചിത്രം 87.50 കോടി നേടിയപ്പോൾ രണ്ടാമത്തെ ആഴ്ച സിനിമ 44.50 കോടി സ്വന്തമാക്കി. വൈകാതെ ചിത്രം ഇന്ത്യയിൽ നിന്ന് 150 കോടി കടക്കുമെന്നാണ് സൂചന. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ സിനിമ 231.50 കോടി കടന്നിട്ടുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.
അതേസമയം ഒരു ബാസ്ക്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ ചിത്രത്തിൽ എത്തുന്നത്. ശുഭ് മംഗൾ സാവ്ധാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആർ എസ് പ്രസന്നയാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.